Sunday, November 29, 2026
HomeKERALAസെക്രട്ടേറിയറ്റ് വളയൽ സമരം: യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ; ജീവനക്കാരെ ശത്രുക്കളായി കാണുന്നുവെന്ന് വിമർശനം

സെക്രട്ടേറിയറ്റ് വളയൽ സമരം: യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ; ജീവനക്കാരെ ശത്രുക്കളായി കാണുന്നുവെന്ന് വിമർശനം

സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്ത് യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ. ജീവനക്കാരെ ശത്രുക്കളായി കാണുന്നുവെന്നും ശമ്പളപരിഷ്കരണം വൈകിപ്പിക്കുന്നുവെന്നും ആരോപണം.

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിന്റെ ഉദാഹരണമാണ് നിലവിലെ യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ വിമർശിച്ചു. മന്ത്രിസഭയ്ക്കുള്ളിൽ പോലും പരസ്പര വിശ്വാസമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഉദ്യോഗസ്ഥരെ ശത്രുക്കളായാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സിവിൽ സർവീസിന് നിർണായക പങ്കുണ്ട്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാതെ ഭരണനിർവഹണം സാധ്യമല്ല. എന്നാൽ അധികാരത്തിലെത്തിയതിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥലംമാറ്റത്തിനുള്ള അധികാരം സർക്കാർ വിവേചനപൂർവം വിനിയോഗിക്കണമെന്നും പൊതുമാനദണ്ഡങ്ങൾ പാലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ജീവനക്കാരെ അനാവശ്യ ദുർവാശിയിലൂടെ പാഠം പഠിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് ജീവനക്കാരുടെ സമരത്തെ നേരിടാൻ ശ്രമിച്ചപ്പോൾ 32 ദിവസം നീണ്ട പണിമുടക്കിലേക്ക് കാര്യങ്ങൾ എത്തിയ കാര്യം ബന്ധപ്പെട്ടവർ ഓർക്കണമെന്നും പിണറായി പറഞ്ഞു.

ശമ്പളപരിഷ്കരണം അനിശ്ചിതത്വത്തിലാക്കിയ സർക്കാർ നടപടികളെയും അദ്ദേഹം വിമർശിച്ചു. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം നടപ്പാക്കേണ്ടതിന് പകരം പത്തുവർഷത്തിലൊരിക്കലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചു. പത്തും പതിനഞ്ചും വർഷം സർവീസുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും സർവീസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

രാവിലെ 10.30ന് ആരംഭിച്ച സമരത്തിൽ ഏകദേശം 25,000 ജീവനക്കാരും അധ്യാപകരും പങ്കെടുത്തതായാണ് സംഘാടകരുടെ കണക്ക്.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments