അബുദബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദിക്കുകയും ബെൽറ്റ് കഴുത്തിൽ മുറുക്കുകയും ചെയ്ത സംഭവത്തിൽ വൈറ്റില സ്വദേശി റോഷൻ മാർട്ടിൻ അറസ്റ്റിൽ
അബുദബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദിക്കുകയും ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൊച്ചി സ്വദേശി അറസ്റ്റിൽ. വൈറ്റില തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവള പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ തൃശൂർ അകലാട് സ്വദേശി യൂസഫിന് പരുക്കേറ്റു.
നവംബർ 24 ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഇൻഡിഗോയുടെ 6E1404 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ അടുത്തടുത്ത സീറ്റുകളിലിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
റോഷൻ മാർട്ടിൻ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടർന്ന് കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് സ്വന്തം ബെൽറ്റ് ഊരി യൂസഫിന്റെ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരും സഹയാത്രികരും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
വിമാനം കൊച്ചിയിലെത്തിയതിനു പിന്നാലെ ഇൻഡിഗോ സുരക്ഷാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


