കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ടി.ഐ. മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി.
കണ്ണൂർ: വിവാദ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 192, 351(3), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, ഗുരുതരമായ ക്രിമിനൽ ഭീഷണി, സമാധാനലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള അധിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിയെ പരാമർശിച്ചായിരുന്നു മധുസൂദനന്റെ പ്രസംഗം. ചീമേനിയിൽ സിപിഎം പ്രവർത്തകരെ ചുട്ടുകൊന്ന കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന പരാമർശവും പ്രസംഗത്തിലുണ്ടായിരുന്നു. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ തീർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോടതിവിധി പുറപ്പെടുവിച്ച ജഡ്ജിയെ വിമർശിച്ചും പ്രസംഗത്തിൽ പരാമർശങ്ങളുണ്ടായി. ഇതിനെതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പ്രസംഗം കലാപാഹ്വാനവും കൊലവിളിയുമാണെന്നും നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.
സംഭവത്തിൽ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിട്ടുണ്ട്. പ്രസംഗം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ വിവിധ നേതാക്കളും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


