
മൻസൂർ പള്ളൂർ
എഴുത്തും കലയും ജീവിതവും ചേർന്ന സർഗാത്മക യാത്ര:ജോണ്ഗില്ബര്ട്ട്
മയ്യഴിയുടെ സാംസ്കാരിക മണ്ണിൽനിന്ന് അക്ഷരങ്ങളുടെയും കലാപ്രവർത്തനങ്ങളുടെയും വിശാലമായ ലോകത്തേക്ക് വളർന്നുവന്ന സർഗാത്മക വ്യക്തിത്വമാണ് മൻസൂർ പള്ളൂർ. എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, പരിഭാഷകൻ, ചലച്ചിത്ര-ഡോക്യുമെന്ററി നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ച അദ്ദേഹം ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മധ്യപൂർവദേശത്തും അറിയപ്പെടുന്ന സാംസ്കാരിക വ്യക്തിത്വമാണ്.
1993 മുതൽ 2005 വരെ ഖത്തറിൽ പ്രവാസജീവിതം നയിച്ചുകൊണ്ടാണ് മൻസൂർ പള്ളൂർ തന്റെ പ്രവാസയാത്രയ്ക്ക് തുടക്കം കുറിച്ചത്. ആ കാലഘട്ടത്തിൽ ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ വ്യക്തിത്വമായി മാറി. പിന്നീട് തന്റെ പ്രവർത്തനമേഖല സൗദി അറേബ്യയിലേക്ക് മാറ്റിയെങ്കിലും ഗൾഫ് മേഖലയിലെ സാംസ്കാരിക-സാഹിത്യ ബന്ധങ്ങൾ തുടർന്നും നിലനിർത്തി. നിലവിൽ സൗദി അറേബ്യയിലെ ദമാമിലാണ് ജോലി ചെയ്യുന്നത്.
സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെയും ആഴത്തിൽ സമീപിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത്?’, ‘ആരാണ് ഭാരതീയൻ?’, ‘ഫലസ്തീനിലെ നിലവിളികൾ: പശ്ചിമേഷ്യൻ വെല്ലുവിളികൾ’, ‘മലയാള സിനിമ: ഭാവുകത്വത്തിലെ പരിണാമദിശകൾ’, ‘അറബിയുടെ അമ്മ’ (നോവൽ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാം പിത്രോദയുടെ ‘റീഡിസൈൻ ദ വേൾഡ്’ എന്ന കൃതിയുടെ മലയാള പരിഭാഷയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽപ്പെടുന്നു.
IOC (Indian Overseas Congress) മിഡിൽ ഈസ്ററ് കൺവീനറായ ശ്രീ മൻസൂർ പള്ളൂർ ,USA യിൽ നിന്നും IOC പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷ് ന്യൂസ് ലെറ്ററിന്റെ ചീഫ് എഡിറ്ററുമാണ്.
സാഹിത്യത്തിനപ്പുറം ചലച്ചിത്ര-ദൃശ്യകലാ മേഖലകളിലും അദ്ദേഹം തന്റെ സർഗാത്മകത തെളിയിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അംഗീകാരങ്ങൾ നേടിയ ‘മഹാത്മാഗാന്ധി റോഡ്’ എന്ന ഡോക്യുമെന്ററിയുടെ നിർമാതാവാണ്. നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരുക്കിയ ‘മോണിക്ക’ എന്ന എ.ഐ. സിനിമയുടെ നിർമാതാവ്, സഹതിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ എ.ഐ. പോർട്ടലിൽ ഇന്ത്യയിലെ ആദ്യ എ.ഐ. സിനിമയെന്ന നിലയിൽ ഈ സംരംഭം രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
മയ്യഴിയിൽനിന്ന് ഖത്തറിലേക്കും പിന്നീട് സൗദി അറേബ്യയിലേക്കും നീളുന്ന പ്രവാസജീവിതത്തിനിടയിലും എഴുത്തിനോടും സാഹിത്യത്തോടും സിനിമയോടുമുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന മൻസൂർ പള്ളൂരിന്റെ സർഗാത്മക യാത്ര വൈവിധ്യവും അന്വേഷണത്വരയും നിറഞ്ഞതാണ്.
ഇൻകാസ് ഖത്തറിന്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയും , സംഘടനയുടെ തുടക്കത്തിൽ രൂപീകരിച്ച ആദ്യ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനറുമായിരുന്നു ശ്രീ മൻസൂർ പള്ളൂർ .ഇൻകാസ് ഖത്തറിന്റെ സംഘടനാ കാര്യ ചുമതലയുള്ള ആദ്യ ജനറൽ സെക്രെട്ടറി ആയിരിക്കെയാണ് മൻസൂർ പള്ളൂർ ദോഹയോട് വിട പറഞ്ഞത് .
ICC ഖത്തർ മാനേജിങ്ങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു .
“മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക് ” പ്രവാസത്തിന്റെ ഓർമ്മകളും അനുഭവങ്ങളും
മൻസൂർ പള്ളൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ നവംബർ 14 ന് ഷാർജ പുസ്തോകോത്സവത്തിൽ വച്ച് മുൻമന്ത്രിയും, കേരള സർക്കാരിന്റെ ഭരണ പരിഷ്ക്കാരാ കമ്മീഷൻ ചെയർമാനുമായ ഡോ എം കെ മുനീർ പ്രകാശനം ചെയ്തു.
ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ ഓർമ്മപ്പുസ്തകം മാത്രമല്ല; രണ്ടു വ്യത്യസ്ത ഭൂമികകളുടെയും സംസ്കാരങ്ങളുടെയും ജീവിതപരിസരങ്ങളുടെയും സവിശേഷമായ ആവിഷ്കാരം കൂടിയാണ്. മയ്യഴിയുടെ ഗൃഹാതുരമായ നാട്ടോർമ്മകളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലെ മരുഭൂമിജീവിതത്തിലേക്കുള്ള യാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച ജീവിതവും പ്രകൃതിയും സംഗീതവും സുഖദുഃഖങ്ങളും നാടോടിക്കഥകളും ഗോത്രപാരമ്പര്യങ്ങളുമെല്ലാം ഇതിൽ ഇടംപിടിക്കുന്നു.
വ്യക്തിപരമായ പ്രവാസാനുഭവങ്ങൾക്കപ്പുറം ഗൾഫ് രാജ്യങ്ങളുടെ ദേശചരിത്രവും ഗോത്രസംസ്കാരവും പൗരാണിക നഗരങ്ങളുടെ വളർച്ചയും ആധുനിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി അവ മാറിയതിന്റെ പശ്ചാത്തലവും പുസ്തകം അടയാളപ്പെടുത്തുന്നു. എല്ലാ മലയാളികളും , പ്രത്യേകിച്ച്
ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട ഈ പുസ്തകം , ഓർമ്മകളെ ചരിത്രവായനയോടും സാംസ്കാരിക അന്വേഷണങ്ങളോടും ചേർത്തുവെക്കുന്ന ഒന്നാണ്. ഈ കൃതി പ്രവാസസാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കവർ ഫോട്ടൊ ചെയ്തിരിക്കുന്നത് ഖത്തറിലെ ഗൾഫ്ടൈംസ് ഇംഗ്ളീഷ് ദിന പത്രത്തിന്റെ മുൻ ഫോട്ടൊഗ്രാഫർ ജയൻ ഓർമ്മയാണ്.
പുസ്തകം മാതൃഭൂമി ബുക്സ് ഓൺലൈനിലൂടെയും, ആമസോണിലൂടെയും ലഭ്യമാണ്. ജോണ്ഗില്ബര്ട്ട്
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


