Wednesday, September 2, 2026
HomeINDIAAI തരംഗത്തിൽ ഇന്ത്യ: എൻജിനീയറിംഗ് ജോലികൾക്ക് വൻ ഡിമാൻഡ്, നിയമനം കുതിക്കുന്നത് 59.5%

AI തരംഗത്തിൽ ഇന്ത്യ: എൻജിനീയറിംഗ് ജോലികൾക്ക് വൻ ഡിമാൻഡ്, നിയമനം കുതിക്കുന്നത് 59.5%

AI എൻജിനീയർമാർ, മെഷീൻ ലേണിങ് വിദഗ്ധർ, ഡാറ്റാ സയന്റിസ്റ്റുകൾ, ജനറേറ്റീവ് AI വിദഗ്ധർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം വർദ്ധിക്കുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യരുടെ ജോലികൾ കവർന്നെടുക്കുമെന്ന ആശങ്കകൾക്കിടെ ഇന്ത്യയിലെ തൊഴിൽ വിപണിയിൽനിന്ന് പുറത്തുവരുന്നത് മറ്റൊരു ചിത്രം. AI എൻജിനീയറിങ് മേഖലയിൽ രാജ്യത്തെ നിയമനം ഒരു വർഷത്തിനിടെ 59.5 ശതമാനം ഉയർന്നതായി LinkedIn റിപ്പോർട്ട്. AI സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കുമുള്ള പുതിയ അവസരങ്ങൾ തുറക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

AIയെ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം ഉപയോഗിച്ചിരുന്ന കമ്പനികൾ ഇപ്പോൾ ബിസിനസിന്റെ പ്രധാന പ്രവർത്തനങ്ങളിലേക്ക് സാങ്കേതികവിദ്യയെ അതിവേഗം ഉൾപ്പെടുത്തുകയാണ്. ഇതോടെയാണ് AI എൻജിനീയർമാർ, മെഷീൻ ലേണിങ് വിദഗ്ധർ, ഡാറ്റാ സയന്റിസ്റ്റുകൾ, ജനറേറ്റീവ് AI വിദഗ്ധർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം വർധിക്കുന്നത്.

ഹൈദരാബാദിലും വൻ കുതിപ്പ്

രാജ്യത്തെ പ്രധാന ടെക് കേന്ദ്രങ്ങളിലും AI നിയമനത്തിൽ ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഹൈദരാബാദിൽ AI എൻജിനീയറിങ് നിയമനം 51 ശതമാനം ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. AI തൊഴിലവസരങ്ങൾ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. രണ്ടാംനിര നഗരങ്ങളിലേക്കും AI അധിഷ്ഠിത തൊഴിലവസരങ്ങൾ വ്യാപിക്കുകയാണ്.

AIയുടെ വളർച്ച ഐടി കമ്പനികളിൽ മാത്രം ഒതുങ്ങുന്നില്ല. ബാങ്കിങ്, ധനകാര്യം, ആരോഗ്യരംഗം, നിർമാണം, ടെലികോം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും AI അധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം വർധിക്കുകയാണ്. ഇതോടെ സാങ്കേതികവിദഗ്ധർക്കുള്ള ആവശ്യകതയും ഉയരുന്നു.

ബിരുദം മാത്രം പോര AI സ്കിൽ നിർണായകം

തൊഴിൽ വിപണിയിലെ മാറ്റത്തിനൊപ്പം കമ്പനികൾ ആവശ്യപ്പെടുന്ന കഴിവുകളിലും മാറ്റമുണ്ട്. മെഷീൻ ലേണിങ്, ജനറേറ്റീവ് AI, ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിങ്, MLOps തുടങ്ങിയ മേഖലകളിലെ പ്രായോഗിക പരിജ്ഞാനത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. AI ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ജീവനക്കാരെ മാത്രമല്ല, AI സംവിധാനങ്ങൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് പ്രയോജനപ്പെടുത്താനും കഴിയുന്ന വിദഗ്ധരെയാണ് കമ്പനികൾ തേടുന്നത്.

AI ചില പരമ്പരാഗത ജോലികളുടെ സ്വഭാവം മാറ്റുമ്പോഴും അതോടൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് LinkedIn കണക്കുകൾ നൽകുന്ന സൂചന. ഇന്ത്യയിലെ എൻജിനീയറിങ് തൊഴിൽ വിപണിയിൽ അടുത്ത വലിയ അവസരങ്ങളുടെ കേന്ദ്രമായി AI മാറുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments