കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ കോടതി നിർദേശം തുടർച്ചയായി അവഗണിച്ച് പ്രതികൾ ഹാജരാകാതിരുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ ഉൾപ്പെട്ട 16 പ്രതികളും ഈ മാസം 13ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശനമായി നിർദേശിച്ചു.
തുടർച്ചയായ രണ്ടാം തവണയാണ് കോടതി നിർദേശിച്ചിട്ടും പ്രതികൾ നേരിട്ട് ഹാജരാകാതിരുന്നത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും ഒരാൾ പോലും കോടതിയിലെത്തിയില്ല. ഇതോടെയാണ് ഇനി ഹാജരാകുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.
കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്നതിനാലും ദൃശ്യങ്ങൾ പകർത്തുന്നതിനാലും നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന് തെളിവായി മാധ്യമപ്രവർത്തകർ കോടതിക്ക് പുറത്ത് നിൽക്കുന്ന ചിത്രങ്ങളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. “ഇങ്ങനെയാണെങ്കിൽ വിചാരണ സമയത്ത് എന്ത് ചെയ്യും?” എന്നായിരുന്നു കോടതിയുടെ ചോദ്യം. മാധ്യമങ്ങളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക് തുടർച്ചയായി ഹാജരാകുന്നതിൽ നിന്ന് വിട്ടുനിൽക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തുടർച്ചയായി അവധി അനുവദിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. ഇതോടെയാണ് കേസിലെ മുഴുവൻ 16 പ്രതികളും ഓഗസ്റ്റ് 13ന് നേരിട്ട് ഹാജരാകണമെന്ന കർശന നിർദേശം നൽകിയത്.
മഹാരാജാസ് കോളജിൽ 2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കുത്തേറ്റു മരിച്ചത്. കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പുരോഗമിക്കുന്നത്.



