828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ റെക്കോർഡ് സൗദി അറേബ്യയിലെ ജിദ്ദ ടവർ മറികടക്കാനൊരുങ്ങുന്നു. 2028 അവസാനത്തോടെ ഒരു കിലോമീറ്ററിലധികം ഉയരമുള്ള ടവറിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
രണ്ട് കിലോമീറ്റർ ഉയരമുള്ള ടവറും വരുന്നു
ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ബുർജ് ഖലീഫയുടെ കിരീടം വൈകാതെ നഷ്ടമാകും. സൗദി അറേബ്യയിൽ ഒരുങ്ങുന്ന രണ്ട് വമ്പൻ പദ്ധതികളാണ് ദുബായുടെ അഭിമാനമായ ബുർജ് ഖലീഫയെ ഉയരത്തിന്റെ കാര്യത്തിൽ പിന്നിലാക്കാനൊരുങ്ങുന്നത്.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയെ മറികടക്കാൻ ലക്ഷ്യമിട്ട് സൗദിയിലെ ജിദ്ദയിലും റിയാദിലുമാണ് വൻകിട നിർമാണ പദ്ധതികൾ പുരോഗമിക്കുന്നത്.
ഇതിൽ ഏറ്റവും വേഗത്തിൽ മുന്നേറുന്നത് ജിദ്ദ ഇക്കണോമിക് കമ്പനി ടവർ (JEC Tower) എന്നറിയപ്പെടുന്ന ജിദ്ദ ടവറിന്റെ നിർമാണമാണ്. ഒരു കിലോമീറ്ററിലധികം ഉയരത്തിൽ നിർമിക്കുന്ന ഈ കെട്ടിടം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി ബുർജ് ഖലീഫയ്ക്ക് നഷ്ടമാകും.
2028 അവസാനത്തോടെ നിർമാണം പൂർത്തിയാക്കും
ഒരു പതിറ്റാണ്ടിലേറെയായി ചർച്ചകളിലും നിർമാണ പ്രതിസന്ധികളിലും കുടുങ്ങിക്കിടന്ന പദ്ധതിയാണ് ജിദ്ദ ടവർ. സൗദി ശതകോടീശ്വരൻ അൽവലീദ് ബിൻ തലാൽ കഴിഞ്ഞ വർഷം സാമൂഹികമാധ്യമത്തിലൂടെ നിർമാണം പുനരാരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ‘We’re back’ എന്ന കുറിപ്പോടെയാണ് പദ്ധതിയുടെ പുതിയ രൂപരേഖ അദ്ദേഹം പങ്കുവെച്ചത്.
സൗദി മെഗാ പ്രോജക്ട്സ് 2026 സമ്മേളനത്തിൽ സംസാരിക്കവെ ജിദ്ദ ഇക്കണോമിക് കമ്പനി സിഇഒ ഫാബിയൻ ടൊസ്കാനോ, 2028 അവസാനത്തോടെ ടവറിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി.
നിലവിൽ കെട്ടിടത്തിന്റെ ഉയരം 474 മീറ്റർ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. പ്രതിദിന നിർമാണ പുരോഗതിയിൽ ശരാശരി അഞ്ച് ദിവസത്തിനുള്ളിൽ ഒരു നില പൂർത്തിയാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. ഏകദേശം 5,200 തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്നത്. ടവറിന്റെ ഗ്ലാസ് ഫസാഡ് നിർമാണവും ആരംഭിച്ചിട്ടുണ്ട്.
ആഡംബര താമസസൗകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഫോർ സീസൺസ് ഹോട്ടൽ, ജിദ്ദ നഗരത്തിന്റെയും ചെങ്കടലിന്റെയും വിസ്മയക്കാഴ്ചകൾ ആസ്വദിക്കാവുന്ന നിരീക്ഷണ കേന്ദ്രം എന്നിവയും ടവറിൽ ഉണ്ടാകും.
രണ്ട് കിലോമീറ്റർ ഉയരമുള്ള ടവറും വരുന്നു
ജിദ്ദ ടവറിന് പുറമെ സൗദി തലസ്ഥാനമായ റിയാദിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന റൈസ് ടവർ (Rise Tower) പദ്ധതിയും പൂർത്തിയായാൽ ലോകത്തെ ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രം കുറിക്കും. രണ്ട് കിലോമീറ്റർ ഉയരത്തിലാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ പദ്ധതി ഇപ്പോഴും ആസൂത്രണ ഘട്ടത്തിലാണ്.
ജിദ്ദ ടവർ 2028 അവസാനത്തോടെ യാഥാർഥ്യമാകുകയാണെങ്കിൽ 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ 16 വർഷത്തിലേറെ നീണ്ട ലോക റെക്കോർഡിനാണ് അവസാനമാകുക.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും
Credit: Jeddah Economic Company Tower


