തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിയെ 2–1ന് പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് കാലിക്കറ്റ് നിർണായക വിജയം സ്വന്തമാക്കിയത്.
മത്സരം തുടങ്ങി 48 സെക്കൻഡിനുള്ളിൽ എമിൽ ബെന്നി നേടിയ ഗോളിലൂടെ കാലിക്കറ്റ് എഫ്സി മുന്നിലെത്തി. സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോർഡും ഇതോടെ എമിലിന്റെ പേരിലായി.
രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ സിലാജിത് സാന്ത്രയിലൂടെ തൃശൂർ മാജിക് സമനില പിടിച്ചു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, 91-ാം മിനിറ്റിൽ അബ്ദുൾ സമദ് പി.പി. നേടിയ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി കാലിക്കറ്റ് എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിൽ ഇതുവരെ തോൽവി അറിയാതെയാണ് ടീമിന്റെ മുന്നേറ്റം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള തൃശൂർ മാജിക് പട്ടികയിൽ അവസാന സ്ഥാനത്താണ്.


