ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു. മുൻ വനിതാ കമ്മീഷൻ അംഗവും സംസ്ഥാന വയോജന കമ്മീഷൻ അംഗവും എഴുത്തുകാരിയുമായിരുന്നു.
തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം. രാധ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
എഴുത്തുകാരിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകയുമായിരുന്ന ഇ.എം. രാധ നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. നേരത്തെ സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീർഘകാലം ദേശാഭിമാനിയിൽ പ്രവർത്തിച്ച അവർ 1988-ലാണ് പത്രത്തിൽ ജോലിയിൽ പ്രവേശിച്ചത്. വിവിധ ചുമതലകൾ വഹിച്ചശേഷം 2012-ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായി വിരമിച്ചു.
പിതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമകളും അനുഭവങ്ങളും പങ്കുവെക്കുന്ന ‘ഇ.എം.എസ് – മകളുടെ ഓർമകൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പിതാവിന്റെ രാഷ്ട്രീയ ജീവിതത്തിനപ്പുറമുള്ള കുടുംബജീവിതത്തിലേക്കും വ്യക്തിത്വത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു ഈ കൃതി.
സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ സിദ്ധാർഥ് ഗുപ്തൻ.
ഇ.എം. രാധയുടെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


