തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടെന്ന വിവാദത്തിന് പിന്നാലെ കേരളത്തിലും പരിശോധന ആരംഭിച്ചു. സംസ്ഥാനത്തെ നാല് ജില്ലകളിലെ പെട്രോൾ പമ്പുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. തിരുവനന്തപുരത്തെ വഴയിലയിലുള്ള പെട്രോൾ പമ്പിൽനിന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടത്. ഇവിടെനിന്ന് ആറു സാമ്പിളുകൾ വീതം ശേഖരിച്ചു. തുടർന്ന് മറ്റ് ജില്ലകളിലും പരിശോധന നടത്തി. ഓയിൽ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിൾ ശേഖരണം.
നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരമുള്ള ലാബുകളിലാണ് സാമ്പിളുകൾ പരിശോധിക്കുക. പത്ത് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശോധനയിൽ സർക്കാരിന് യാതൊരു മുൻവിധിയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിഷയത്തിൽ കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്താനാണ് അനുമതിയുള്ളത്. എന്നാൽ കർണാടക സർക്കാർ നടത്തിയ പരിശോധനയിൽ ചില പെട്രോൾ സാമ്പിളുകളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന അവകാശവാദമാണ് വിവാദത്തിന് വഴിവെച്ചത്. കർണാടകയുടെ കണ്ടെത്തലുകൾ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും ചോദ്യം ചെയ്തിരുന്നു.
പെട്രോളിലെ എഥനോൾ അളവ് വർധിക്കുന്നത് വാഹനങ്ങളുടെ മൈലേജിനെയും എൻജിന്റെ പ്രവർത്തനത്തെയും ബാധിക്കുമെന്ന ഉപഭോക്താക്കളുടെ ആശങ്കകളും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരികയും ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കുകയുമാണ് പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
പരിശോധനാഫലം പുറത്തുവന്നശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


