ദയാവധം നിർദേശിക്കപ്പെട്ട കോടനാട്ടെ കുട്ടിയാന മായയെ വിദഗ്ധ ചികിത്സയ്ക്കായി അനന്ത് അംബാനിയുടെ വൻതാരയിലേക്ക് പ്രത്യേക വിമാനത്തിൽ കൊണ്ടുപോകുന്നു
കൊച്ചി: ദയാവധം വരെ നിർദേശിക്കപ്പെട്ട കോടനാട് അഭയാരണ്യത്തിലെ കുട്ടിയാന മായയ്ക്ക് ഇനി പുതിയ പ്രതീക്ഷ. വിദഗ്ധ ചികിത്സയ്ക്കായി അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് കുട്ടിയാനയെ മാറ്റുന്നു. നെടുമ്പാശ്ശേരിയിൽനിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് യാത്ര.
ജന്മനാ അസ്ഥിവൈകല്യമുള്ള ഒന്നര വയസ്സുകാരിയായ മായയ്ക്ക് വീഴ്ചയിൽ തോളിന് ഗുരുതരമായി പരിക്കേറ്റതോടെ എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. കേരളത്തിൽ ആവശ്യമായ വിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി നേരത്തെ ദയാവധം നിർദേശിച്ചിരുന്നു.
തുടർന്നാണ് കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള വൻതാരയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഏകദേശം 125–130 കിലോ ഭാരമുള്ള മായയെ ക്രെയിനിന്റെ സഹായത്തോടെ പ്രത്യേക മൃഗ ആംബുലൻസിലേക്ക് മാറ്റിയാണ് വിമാനത്താവളത്തിലെത്തിച്ചത്.
വൻതാരയിൽ നാല് മുതൽ ആറു മാസം വരെ നീളുന്ന ചികിത്സയാണ് പ്രതീക്ഷിക്കുന്നത്. ഹോർമോൺ ചികിത്സയും ഹൈഡ്രോതെറാപ്പിയും ഉൾപ്പെടുന്ന ചികിത്സാ പദ്ധതിയാണ് വിദഗ്ധർ തയ്യാറാക്കിയിരിക്കുന്നത്. ചികിത്സയുടെ മുഴുവൻ ചെലവും വൻതാര വഹിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും ഇതുവരെ മായയെ പരിചരിച്ച പാപ്പാനും കുട്ടിയാനയ്ക്കൊപ്പം യാത്ര ചെയ്യും. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മായയെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.
ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ മായയ്ക്ക് ലഭിച്ചിരിക്കുന്നത് പുതിയൊരു അവസരമാണ്. ഇനി പ്രതീക്ഷകളെല്ലാം വൻതാരയിലെ വിദഗ്ധ ചികിത്സയിലാണ്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


