ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നടപടി. പോസ്റ്റിൽ കോടതിയലക്ഷ്യമുണ്ടോയെന്ന ആരോപണമാണ് കോടതി പരിഗണിക്കുന്നത്.
പോസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം
വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ പ്രസിദ്ധീകരിച്ച വിവാദ പോസ്റ്റിൽ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച കോടതി കെ.പി.സി.സിയിലെ എല്ലാ ഭാരവാഹികൾക്കും നോട്ടീസ് അയച്ചു. കേസിൽ കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറിയെയും നിയമിച്ചു.
ഒക്ടോബർ 12നാണ് കോൺഗ്രസ് കേരളത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ടുള്ള വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിയമവും ക്രമസമാധാനവും താങ്കളുടെ അധികാരപരിധിയിൽ വരുന്നതല്ലെങ്കിൽ രാജിവയ്ക്കണമെന്നും പകരക്കാരനെ കണ്ടെത്താമെന്നുമായിരുന്നു പോസ്റ്റിലെ പരാമർശം. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
പോസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം. പോസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ച കെ.പി.സി.സി മീഡിയ സെൽ പ്രവർത്തകൻ വിജയ് തോട്ടത്തിലിനെ ചുമതലയിൽനിന്ന് നീക്കിയതായും പാർട്ടി അറിയിച്ചിരുന്നു. വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ അഭിഭാഷകരായ വിനീത് ജിൻഡാൽ, ശ്രീജേഷ് എസ്.ആർ എന്നിവർ നൽകിയ പരാതികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. കോടതിയുടെ അന്തസ്സിനെയും ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാപരമായ പദവിയെയും ബാധിക്കുന്ന തരത്തിലുള്ള പരാമർശമാണിതെന്നായിരുന്നു പരാതിക്കാരുടെ വാദം.
കോടതിയുടെ തുടർനടപടികൾ കേസിൽ നിർണായകമാകും.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


