Sunday, November 29, 2026
HomeKERALAനെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; സീറാം അനുവദിച്ച അനുമതി പിൻവലിച്ചു, അപേക്ഷാ ഫീസ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; സീറാം അനുവദിച്ച അനുമതി പിൻവലിച്ചു, അപേക്ഷാ ഫീസ് തിരികെ നൽകും

 

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാറിന് അനുവദിച്ച എഫ്.എൽ-7 (FL-7) ലൈസൻസ് റദ്ദാക്കി സംസ്ഥാന സർക്കാർ. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അനുവദിച്ച ലൈസൻസിനുള്ള അനുമതിയാണ് സർക്കാർ പിൻവലിച്ചത്. ലൈസൻസിനായി അപേക്ഷകൻ അടച്ച രണ്ട് ലക്ഷം രൂപ തിരികെ നൽകാനും ഉത്തരവിട്ടു.

വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എയർ ലോഞ്ച് ബാറിനാണ് ലൈസൻസ് അനുവദിച്ചിരുന്നത്. സർക്കാർ നയത്തിന് വിരുദ്ധമായി പുതിയ ബാർ ലൈസൻസ് അനുവദിച്ചെന്ന വിവാദത്തെ തുടർന്നാണ് നടപടി.

യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ എഫ്.എൽ-7 ഉൾപ്പെടെയുള്ള പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച നിർദേശം നേരത്തെ എക്സൈസ് വകുപ്പിന് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം മറികടന്ന് മുൻ എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ചതാണ് വിവാദമായത്.

എക്സൈസ് കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കറാണ് ലൈസൻസ് അനുമതി റദ്ദാക്കി ഉത്തരവിറക്കിയത്. അപേക്ഷയ്ക്കൊപ്പം അടച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിന് സ്ഥാപനത്തിന് പ്രത്യേക അപേക്ഷ നൽകണം.

പുതിയ മദ്യനയം പ്രഖ്യാപിച്ചശേഷം നിബന്ധനകൾക്കും ചട്ടങ്ങൾക്കും വിധേയമായി താൽപ്പര്യമുള്ളവർക്ക് വീണ്ടും ലൈസൻസിനായി അപേക്ഷിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതിനിടെ, വിമാനത്താവളത്തിലെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ജൂലൈയിൽ അനുവദിച്ച മറ്റ് രണ്ട് എഫ്.എൽ-7 ലൈസൻസുകൾ നിലവിൽ റദ്ദാക്കിയിട്ടില്ല. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അവ നിലനിർത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments