ലോകസഭാ സ്പീക്കർ ഓം ബിർളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തിൽ അദ്ദേഹം അദ്ധ്യക്ഷ പ്രസംഗവും നടത്തി.
തിരുവനന്തപുരം: പാർലമെന്റിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും ദ്വിദിന ദേശീയ സമ്മേളനം തിരുവനന്തപുരത്ത് സമാപിച്ചു. പൊതുധനത്തിന്റെ വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും ഓഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലുകളിൽ സമയബന്ധിതമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിർദേശങ്ങൾ സമ്മേളനം മുന്നോട്ടുവച്ചു.
നവംബർ 3, 4 തീയതികളിൽ കേരള നിയമസഭയിലാണ് സമ്മേളനം നടന്നത്. ‘ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആൻഡ് ഗുഡ് ഗവേണൻസ് – പി.എ.സിയുടെ മാറിവരുന്ന പങ്ക്’ എന്ന വിഷയത്തിലായിരുന്നു ചർച്ചകൾ. ലോകസഭാ സ്പീക്കർ ഓം ബിർളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തിൽ അദ്ദേഹം അദ്ധ്യക്ഷ പ്രസംഗവും നടത്തി.
സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ പി.എ.സി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓഡിറ്റ് റിപ്പോർട്ടുകളിലെ നിരീക്ഷണങ്ങൾ സമയബന്ധിതമായി പരിശോധിക്കുന്നതിനും പൊതുവായ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന നിർദേശം ഉയർന്നു.
ഡിജിറ്റൽ ഓഡിറ്റ് നിരീക്ഷണ സംവിധാനം
സംസ്ഥാന നിയമസഭകളിലും പാർലമെന്റിലും ഓഡിറ്റ് കണ്ടെത്തലുകൾ നിരീക്ഷിക്കുന്നതിന് ഏകീകൃത ഡിജിറ്റൽ പോർട്ടൽ രൂപീകരിക്കണമെന്നതാണ് സമ്മേളനത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഓഡിറ്റ് റിപ്പോർട്ടുകളിലെ പരാമർശങ്ങൾ, അവയിൽ സ്വീകരിച്ച നടപടികൾ, തുടർപരിശോധന എന്നിവ കാര്യക്ഷമമായി നിരീക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് ലോക്സഭാ സ്പീക്കർ ചൂണ്ടിക്കാട്ടി.
പാർലമെന്റിലെ പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ മുന്നോട്ടുവെച്ച നിർദേശങ്ങളും ഇതിന്റെ ഭാഗമായി പരിഗണിച്ചു. ഓഡിറ്റ് റിപ്പോർട്ടുകളിലെ കണ്ടെത്തലുകളിൽ സർക്കാരുകളുടെ മറുപടിയും തുടർനടപടികളും വൈകുന്നത് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
എട്ട് പ്രധാന നിർദേശങ്ങളുമായി കേരള പ്രഖ്യാപനം
സമ്മേളനത്തിന്റെ സമാപനത്തിൽ അംഗീകരിച്ച കേരള പ്രഖ്യാപനത്തിൽ എട്ട് പ്രധാന നിർദേശങ്ങളാണുള്ളത്.
* പാർലമെന്റിലെയും സംസ്ഥാനങ്ങളിലെയും പി.എ.സികൾ തമ്മിലുള്ള ആശയവിനിമയത്തിനും മികച്ച പ്രവർത്തനരീതികൾ പങ്കുവെക്കുന്നതിനും ഡിജിറ്റൽ പോർട്ടൽ രൂപീകരിക്കുക.
* ഓഡിറ്റ് പരാമർശങ്ങളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കുക.
* സംസ്ഥാന പി.എ.സികളിൽ ഡിജിറ്റൽ ഓഡിറ്റ് നിരീക്ഷണ സംവിധാനം നടപ്പാക്കുക.
* പി.എ.സി സെക്രട്ടേറിയറ്റുകളുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിന് പരിശീലനവും സാങ്കേതിക സഹായവും ഉറപ്പാക്കുക.
* ഓരോ മാസവും കുറഞ്ഞത് മൂന്ന് പി.എ.സി യോഗങ്ങൾ ചേരുന്നത് പരിഗണിക്കുക.
* തീർപ്പാകാത്ത ഓഡിറ്റ് പരാമർശങ്ങൾ പരിശോധിക്കാൻ ഉപസമിതികൾ രൂപീകരിക്കുക.
* ഉയർന്ന സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി (സി.എ.ജി) സഹകരണം ശക്തമാക്കുക.
* നിയമസഭാ നടപടികളുടെ വിശ്വാസ്യതയും നടപടിക്രമങ്ങളുടെ പവിത്രതയും നിലനിർത്തിക്കൊണ്ട് ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.
സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 262 പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരള നിയമസഭയാണ് ആദ്യമായി ഇത്തരമൊരു അഖിലേന്ത്യാ പി.എ.സി സമ്മേളനത്തിന് വേദിയായത്.
പൊതുജനങ്ങളുടെ പണം കൃത്യമായ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ഓഡിറ്റ് കണ്ടെത്തലുകൾ ഭരണപരമായ പരിഷ്കാരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതിലൂടെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


