പെരിയാറിൽ അനധികൃത മണൽവാരലും കടത്തും തടയാൻ പൊലീസ് പരിശോധന ശക്തമാക്കി. പുത്തൻവേലിക്കര, ആലുവ മേഖലകളിൽ ആറുപേർ പിടിയിൽ; ഏഴ് വള്ളങ്ങളും ടിപ്പർ ലോറിയും കസ്റ്റഡിയിൽ
പെരിയാർ തീരങ്ങളിൽ അനധികൃത മണൽവാരലും കടത്തും വീണ്ടും വ്യാപകമാകുന്നു. ഇതിനെതിരെ നടപടി കർശനമാക്കി പൊലീസ്. പുത്തൻവേലിക്കര, ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ വ്യത്യസ്ത മിന്നൽ പരിശോധനകളിൽ ആറുപേരെ പിടികൂടി. മണൽക്കടത്തിന് ഉപയോഗിച്ച ഏഴോളം വള്ളങ്ങളും ഒരു ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശി റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് പിടിയിലായത്. പെരിയാറിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി മണൽ വാരുന്നതായും വള്ളങ്ങൾ ഉപയോഗിച്ച് മണൽ കടത്തുന്നതായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നദീതീരങ്ങളിൽ രാത്രിയും പകലും സജീവമാകുന്ന അനധികൃത മണൽക്കടത്ത് പരിസ്ഥിതിക്കും നദിയുടെ സ്വാഭാവിക ഒഴുക്കിനും ഗുരുതരമായ ഭീഷണിയുയർത്തുന്നുണ്ട്. നദീതടങ്ങളുടെ ഘടനയെയും തീരങ്ങളുടെ സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
അനധികൃത മണൽവാരലും കടത്തും തടയുന്നതിനായി പെരിയാർ തീരങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


