സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാരോപിച്ച് സോണിയ ഗാന്ധിക്ക് സത്യകി സവർക്കറുടെ വക്കീൽ നോട്ടീസ്. 15 ദിവസത്തിനകം നിരുപാധിക മാപ്പും തിരുത്തലും ആവശ്യപ്പെട്ടു
ന്യൂഡൽഹി: ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കറെ തന്റെ പുസ്തകത്തിൽ വളച്ചൊടിച്ച് ചിത്രീകരിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്. സവർക്കറുടെ സഹോദരപുത്രന്റെ മകനായ സത്യകി സവർക്കറാണ് നിരുപാധിക മാപ്പ്, പരസ്യ വിശദീകരണം, വിവാദ പരാമർശങ്ങളിൽ തിരുത്തൽ എന്നിവ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
സോണിയ ഗാന്ധിയുടെ പുതിയ ഓർമക്കുറിപ്പായ Belonging: A Journey of Love എന്ന പുസ്തകത്തിലെ 201, 443 പേജുകളിലെ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. നവംബർ 10ന് ഹാർപർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധവും ചരിത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതും സവർക്കറുടെ പ്രതിച്ഛായയ്ക്ക് ദോഷകരവുമാണെന്നാണ് നോട്ടീസിലെ ആരോപണം.
ബ്രിട്ടീഷ് ഭരണകാലത്ത് കോൺഗ്രസ് സ്വാതന്ത്ര്യസമര സേനാനികൾ പീഡനങ്ങളും തടവുശിക്ഷയും നേരിട്ടപ്പോൾ ആർഎസ്എസ് നേതാക്കളിൽ പ്രമുഖനായ സവർക്കർ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് മാപ്പപേക്ഷകൾ നൽകിയെന്നും സംഘടനയിലെ അംഗങ്ങൾ ബ്രിട്ടീഷുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നുമുള്ള പുസ്തകത്തിലെ പരാമർശമാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
സവർക്കറുടെ തടവുജീവിതം, ആൻഡമാനിലെ സെല്ലുലാർ ജയിലിലെ അനുഭവങ്ങൾ, മാപ്പപേക്ഷകൾ എന്നിവയുടെ ചരിത്രപരമായ പശ്ചാത്തലം പരിഗണിക്കാതെയാണ് പരാമർശമെന്നാണ് സത്യകിയുടെ വാദം.
ഇന്ത്യയെ ഹിന്ദുക്കൾക്ക് പരമാധികാരമുള്ള രാഷ്ട്രമായി കാണുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സവർക്കറുടേതെന്ന പുസ്തകത്തിലെ മറ്റൊരു പരാമർശവും നോട്ടീസ് ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ-സൈദ്ധാന്തിക നിലപാടുകളെ ലളിതവൽക്കരിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് സവർക്കറുടെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയതും സവർക്കർ സ്മാരകത്തിന് അവർ 11,000 രൂപ വ്യക്തിപരമായി സംഭാവന നൽകിയതും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നിരുപാധികമായ രേഖാമൂലമുള്ള മാപ്പ് നൽകണമെന്നും പരസ്യമായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പരാമർശങ്ങൾ പുസ്തകത്തിന്റെ തുടർന്നുള്ള പതിപ്പുകളിൽ നിന്നും ഡിജിറ്റൽ പതിപ്പുകളിൽ നിന്നും തിരുത്തുകയോ നീക്കം ചെയ്യുകയോ വേണമെന്നും പ്രസാധകരായ ഹാർപർകോളിൻസുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സത്യകി സവർക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


