കോഴിക്കോട്: ഇഡിയുടെ നീക്കം രാഷ്ട്രീയം പ്രേരിതമാണെന്നും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഒരു തെളിവുമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിന്റെ പേരിൽ കേന്ദ്ര അന്വേഷണ ഏജൻസി നടത്തുന്ന നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മുതലക്കുളത്ത് നടന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എ. മുഹമ്മദ് റിയാസിലേക്കും അന്വേഷണം എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടെ പാർട്ടി നേതാക്കളുടെയും അനുഭാവികളുടെയും വീടുകളിൽ പരിശോധന നടത്തിയതെന്ന് ഗോവിന്ദൻ ആരോപിച്ചു. മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നതിന്റെ പേരിൽ മാത്രം നിരവധി വീടുകളിൽ പരിശോധന നടത്തുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇഡിക്ക് കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളുണ്ടെങ്കിൽ അത് കോടതിയുടെ മുന്നിൽ ഹാജരാക്കുകയാണ് വേണ്ടതെന്നും മാധ്യമങ്ങൾക്കായി വാർത്താക്കുറിപ്പുകൾ ഇറക്കി പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു. മെയ് മാസത്തിൽ നടന്ന പരിശോധനകളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ഇപ്പോൾ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
സിഎംആർഎൽ–എക്സാലോജിക് കേസിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടുകയാണ് അന്വേഷണത്തിന്റെ യഥാർഥ ഉദ്ദേശമെന്നും ഗോവിന്ദൻ ആരോപിച്ചു. മകൾ വീണാ വിജയനെതിരായ കേസിലൂടെ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മുഹമ്മദ് റിയാസിനെ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ പ്രവർത്തനരീതിയെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഇഡി 5,900 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7,450 പരിശോധനകൾ നടത്തുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ഒമ്പത് ശതമാനം കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചതെന്നും വെറും 25 കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചതെന്നും ഗോവിന്ദൻ അവകാശപ്പെട്ടു. ഈ കണക്കുകൾ കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ ഇഡി സ്വീകരിക്കുന്ന നിലപാടും ഗോവിന്ദൻ ചോദ്യം ചെയ്തു. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച ആരോപണങ്ങളും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും അന്വേഷണ ഏജൻസി നടപടിയെടുക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൊടകര കേസിലും ഇഡി കാര്യമായ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
കേസിൽ ഉയർന്നുവരുന്ന ഹവാല ആരോപണവും ഇഡി തന്നെ സൃഷ്ടിച്ചതാണെന്നാണ് ഗോവിന്ദന്റെ ആരോപണം. വീണാ വിജയനുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടുന്നില്ലെന്നും എന്നാൽ മുഹമ്മദ് റിയാസിനെ കേസിലേക്ക് ഉൾപ്പെടുത്താനുള്ള ശ്രമമുണ്ടായാൽ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“കേസെടുക്കാൻ ഒന്നുമില്ല. ഒരു തെളിവുമില്ല” എന്ന നിലയിലാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഗോവിന്ദൻ പറഞ്ഞു. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇഡിയുടെ നടപടികൾക്ക് പിന്നിലെന്നും സിപിഐഎമ്മിനെ നാണംകെടുത്താനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിയുടെ നടപടികൾക്കെതിരെ സിപിഐഎം രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം ശക്തമാക്കുമെന്ന സന്ദേശവും ഗോവിന്ദൻ നൽകി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സിപിഐഎമ്മിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും ഇത്തരം സമ്മർദങ്ങൾക്ക് മുന്നിൽ പാർട്ടി കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



