നിലവിൽ കോൺഗ്രസ് സംഘടനാ സംവിധാനം എല്ലാ തലങ്ങളിലും നിശ്ചലമായ അവസ്ഥ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ‘ഒരാൾക്ക് ഒരുപദവി’ എന്ന നയം കർശനമായി പാലിച്ചുകൊണ്ട് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ കോൺഗ്രസ് സംഘടനാ സംവിധാനം എല്ലാ തലങ്ങളിലും നിശ്ചലമായ അവസ്ഥയിലാണെന്നാണ് മുല്ലപ്പള്ളിയുടെ വിമർശനം. പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിലെ കാലതാമസം സംഘടനാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം മൂന്ന് മാസമായി സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ചലനമില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
മന്ത്രിസ്ഥാനം ഉൾപ്പെടെ മറ്റൊരു പ്രധാന ചുമതല വഹിക്കുന്ന ഒരാൾക്ക് കെപിസിസി അധ്യക്ഷ പദവി കൂടി ഒരേസമയം കാര്യക്ഷമമായി നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിലെ മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോടും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. പാർട്ടി അധ്യക്ഷന് പൂർണസമയമായി സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അർഹതയും കഴിവും പ്രാപ്തിയും പരിഗണിച്ചായിരിക്കണം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങൾക്കും പാർട്ടിയുടെ സംഘടനാ താൽപര്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഒരാൾക്ക് ഒരുപദവി’ എന്ന ആശയം മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായിരുന്ന കാലത്തും ശക്തമായി മുന്നോട്ടുവച്ചിരുന്നു. എംപിമാരെയും എംഎൽഎമാരെയും സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ നിലപാട്. 2020-ൽ കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുമ്പോൾ ഹൈക്കമാൻഡ് ഈ നിർദേശത്തിന് അനുകൂലമായി നീങ്ങുകയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഭാരവാഹി പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
അതേസമയം, നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ശക്തമായ സംഘടനാ നേതൃത്വം അനിവാര്യമാണെന്ന സന്ദേശമാണ് മുല്ലപ്പള്ളിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തീരുമാനം വൈകുന്തോറും സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ദുർബലമാകുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ശക്തമാകുകയാണ്.
ഓണത്തിന് ശേഷം കെപിസിസി അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.



