ന്യൂഡൽഹി: ഇന്ത്യയിൽ താൽക്കാലികമായി നിരോധിച്ചിരുന്ന മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം വീണ്ടും ഗൂഗിൾ പ്ലെയ്സ്റ്റോർ ആപ്സ്റ്റോർ എന്നിവയിൽ ലഭ്യമായിത്തുടങ്ങി. NEET-UG പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ജൂൺ 16 മുതൽ 22 വരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം അവസാനിച്ചതോടെയാണ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
എന്നാൽ ടെലിഗ്രാം ആപ്പ് തിരിച്ചെത്തിയെങ്കിലും എല്ലാ ഉപയോക്താക്കൾക്കും സേവനം പൂർണമായും ലഭ്യമായിട്ടില്ല. പ്രത്യേകിച്ച് Jio, Airtel നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന ചിലർക്ക് ഇപ്പോഴും ആപ്പിൽ ലോഗിൻ ചെയ്യാനോ ചാറ്റുകൾ ആക്‌സസ് ചെയ്യാനോ കഴിയുന്നില്ലെന്ന പരാതികൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലും നിരവധി ഉപയോക്താക്കൾ ഈ പ്രശ്നം പങ്കുവെച്ചിട്ടുണ്ട്.അതിനിടെ, ചില പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ടെലഗ്രാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ സേവനങ്ങളുടെ പുനഃസ്ഥാപനം ഘട്ടംഘട്ടമായാണ് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ഉപയോക്താക്കൾ ആപ്പ് അപ്ഡേറ്റ് ചെയ്യുകയോ വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
NEET-UG 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്നാണ് കേന്ദ്ര സർക്കാർ ടെലഗ്രാം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. പരീക്ഷാ തട്ടിപ്പിന് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാരോപിച്ചാണ് നടപടി. ഈ നീക്കത്തിനെതിരെ ടെലഗ്രാം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഡൽഹി ഹൈക്കോടതി സർക്കാരിന്റെ തീരുമാനം ശരിവെച്ചിരുന്നു.



