കുഞ്ഞിന്റെ ജനനത്തെ കുടുംബസ്മരണയാക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുക പദ്ധതിയുടെ ലക്ഷ്യം
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനനം ഓർമിക്കാനും അമ്മയുടെ മാതൃത്വത്തെ ആദരിക്കാനും തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ‘തായ്മാമൻ തങ്കമോതിരം’. തമിഴരുടെ കുടുംബപരമ്പരയിലെ ‘തായ്മാമൻ സീർ’ എന്ന ആചാരത്തിൽനിന്നാണ് പദ്ധതിയുടെ ആശയം സ്വീകരിച്ചിരിക്കുന്നത്.
കുഞ്ഞിന്റെ ജനനത്തെ കുടുംബസ്മരണയാക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുകയും പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തമിഴ്‌നാട്ടില്‍ സ്ഥിരതാമസമുള്ള കുടുംബങ്ങളിലെ, സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ജനിക്കുന്ന അർഹരായ ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണമോതിരം നൽകും. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഗുണഭോക്താവാകാൻ സർക്കാർ ആശുപത്രിയിലെ പ്രസവവുമായി ബന്ധപ്പെട്ട രേഖകൾക്കൊപ്പം കുടുംബത്തിന്റെ അർഹത തെളിയിക്കുന്ന രേഖകളും ആവശ്യമാണ്. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ, തൊഴിലാളി ക്ഷേമബോർഡ് തിരിച്ചറിയൽ കാർഡ്, തപാൽ വകുപ്പിന്റെ വിലാസ രേഖ, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ അംഗീകരിക്കാവുന്ന രേഖകളായി ടെൻഡർ വിവരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ആകെ 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 755.83 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സർക്കാർ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മോതിരങ്ങൾ 22 കാരറ്റ് സ്വർണവും BIS 916 ഹാൾമാർക്ക് നിലവാരവുമുള്ളതായിരിക്കും.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 സെപ്റ്റംബർ 15ന്, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. എൻ. അണ്ണാദുരൈയുടെ ജന്മദിനത്തിൽ നടത്താനാണ് തീരുമാനം. ഉദ്ഘാടനത്തിന് മുമ്പ് ജൂൺ മുതൽ നാല് മാസത്തേക്ക് ആവശ്യമായ 1,28,499 മോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്.
പദ്ധതി ദേശീയതലത്തിൽ ശ്രദ്ധ നേടാൻ പ്രധാന കാരണം സ്വർണമോതിരങ്ങളുടെ ടെൻഡറാണ്. 11 സ്ഥാപനങ്ങൾ പങ്കെടുത്ത ടെൻഡറിൽ, ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് പുറമേ നിർമാണച്ചെലവ്, ഇൻഷുറൻസ്, ഗതാഗതം, പാക്കിങ്, BIS ഹാൾമാർക്കിങ് തുടങ്ങിയ അധിക ചെലവുകൾക്കായി ജോയ്ആലുക്കാസ് ഒരു മോതിരത്തിന് വെറും ഒരു പൈസ മാത്രമാണ് ക്വോട്ട് ചെയ്തത്. ഇതാണ് ഏറ്റവും കുറഞ്ഞ ടെൻഡർ നിരക്കായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടർന്ന് മറ്റ് ടെൻഡർ പങ്കാളികളോടും ഇതേ നിരക്ക് അംഗീകരിക്കാമോയെന്ന് സർക്കാർ ചോദിച്ചു. ഇതിൽ കല്യാൺ ജ്വല്ലേഴ്സ് മാത്രമാണ് സമ്മതം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോയ്ആലുക്കാസിന് 70 ശതമാനവും കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവും എന്ന അനുപാതത്തിൽ നിര്‍മാണ അനുമതി നൽകി.
പരമ്പരാഗത ‘തായ്മാമൻ സീർ’ സംസ്കാരത്തെ സർക്കാർ ക്ഷേമപദ്ധതിയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയായാണ് ‘തായ്മാമൻ തങ്കമോതിരം’ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 15ന് ഔദ്യോഗിക തുടക്കം കുറിക്കുന്നതോടെ പദ്ധതിയുടെ സംസ്ഥാനതല നടപ്പാക്കലും ആരംഭിക്കും.



