Wednesday, September 2, 2026
HomeINDIAടി വി കെ:‘തായ്മാമൻ തങ്കമോതിരം’ പദ്ധതി:ഒരു പൈസ സർവീസ് ചാർജ്; 4.41 ലക്ഷം സ്വർണമോതിരങ്ങളുടെ കരാർ...

ടി വി കെ:‘തായ്മാമൻ തങ്കമോതിരം’ പദ്ധതി:ഒരു പൈസ സർവീസ് ചാർജ്; 4.41 ലക്ഷം സ്വർണമോതിരങ്ങളുടെ കരാർ ജോയ്ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞിനെയും അമ്മയെയും ആദരിക്കുക പദ്ധതിയുടെ ലക്ഷ്യം

സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകാനാണ് തീരുമാനം

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിയിൽ 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ജോയ്ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ജോയ്ആലുക്കാസിന് 70 ശതമാനവും അതേ നിരക്ക് അംഗീകരിച്ച കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവും എന്ന അനുപാതത്തിലാണ് സർക്കാർ വർക്ക് ഓർഡർ നൽകിയിരിക്കുന്നത്.

ജൂലൈ 14ന് തമിഴ്‌നാട് മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ TN Tenders പോർട്ടൽ വഴി ക്ഷണിച്ച ടെൻഡറിൽ 11 പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഒരു ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് പുറമേ, പണിക്കൂലി, പാഴ്‌വസ്തു ചെലവ്, ഇൻഷുറൻസ്, ഗതാഗതം, പാക്കിങ്, BIS ഹാൾമാർക്കിങ് തുടങ്ങിയ അധിക ചെലവുകൾ ഉൾപ്പെടെ ഒരു മോതിരത്തിന് വെറും ഒരു പൈസ (₹0.01) മാത്രമാണ് ജോയ്ആലുക്കാസ് ക്വോട്ട് ചെയ്തത്. ഇതോടെ കമ്പനി L1 ബിഡറായി.

11 കമ്പനികൾ മത്സരിച്ച ടെൻഡർ

എന്നാൽ ടെൻഡർ നടപടികളിലെ വ്യവസ്ഥകൾ പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് മറ്റ് പങ്കെടുത്ത സ്ഥാപനങ്ങളെയും അറിയിച്ച് അതേ നിരക്ക് അംഗീകരിക്കാമോയെന്ന് സർക്കാർ ആരാഞ്ഞു. ഇതിൽ കല്യാൺ ജ്വല്ലേഴ്സ് മാത്രമാണ് ജോയ്ആലുക്കാസിന്റെ ഒരു പൈസ നിരക്ക് അംഗീകരിക്കാൻ തയ്യാറായത്. തുടർന്നാണ് രണ്ട് കമ്പനികൾക്കും വർക്ക് ഓർഡർ നൽകിയത്.

ആദ്യഘട്ടത്തിൽ 1,28,499 മോതിരങ്ങൾ

പദ്ധതി സെപ്റ്റംബർ 15ന് ഔദ്യോഗികമായി ആരംഭിക്കാനിരിക്കെയാണ് ആദ്യഘട്ട വിതരണത്തിനുള്ള വർക്ക് ഓർഡർ നൽകിയിരിക്കുന്നത്. ജൂൺ മുതൽ നാല് മാസത്തേക്ക് ആവശ്യമായ 1,28,499 ഒരു ഗ്രാം സ്വർണമോതിരങ്ങളാണ് ആദ്യ ഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് നൽകുക. ഇതിൽ 70 ശതമാനം ജോയ്ആലുക്കാസും 30 ശതമാനം കല്യാൺ ജ്വല്ലേഴ്സും വിതരണം ചെയ്യും.

മുഴുവൻ പദ്ധതിയിലായി സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകാനാണ് തീരുമാനം. 4,41,667 മോതിരങ്ങൾക്കായി പ്രതിവർഷം ഏകദേശം 755.83 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്.

എന്താണ് ‘ഒരു പൈസ’ ടെൻഡറിന്റെ പ്രത്യേകത?

ഇവിടെ ശ്രദ്ധിക്കേണ്ടത് ഒരു പൈസയ്ക്ക് സ്വർണമോതിരം നൽകുന്നു എന്നല്ല. ഒരു ഗ്രാം സ്വർണത്തിന്റെ വില പ്രത്യേകം കണക്കാക്കിയാണ് സർക്കാർ മോതിരങ്ങൾ വാങ്ങുന്നത്. അതിന് പുറമേ വരുന്ന പണിക്കൂലി, ഇൻഷുറൻസ്, ഗതാഗതം, പാക്കിങ്, ഹാൾമാർക്കിങ് തുടങ്ങിയ അധിക ചെലവുകൾക്കാണ് ജോയ്ആലുക്കാസ് ഒരു മോതിരത്തിന് ഒരു പൈസ മാത്രം ക്വോട്ട് ചെയ്തത്. അതുകൊണ്ടുതന്നെയാണ് ടെൻഡർ ദേശീയതലത്തിൽ ശ്രദ്ധ നേടിയത്.

പദ്ധതി എന്തിനുവേണ്ടി?

തമിഴരുടെ പരമ്പരാഗതമായ ‘തായ്മാമൻ സീർ’ എന്ന ആചാരത്തിന്റെ ആശയം ഉൾക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞിനെയും അമ്മയെയും ആദരിക്കുക, കുഞ്ഞിന്റെ ജനനം ഓർമിക്കപ്പെടുന്ന അവസരമാക്കുക, സർക്കാർ ആരോഗ്യ സേവനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളായി സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. 2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമ്പോൾ, ഒരു പൈസയുടെ അധികചെലവിൽ ഏറ്റവും വലിയ ടെൻഡർ നേടിയെന്ന പ്രത്യേകതയുമായി ജോയ്ആലുക്കാസും അതേ നിരക്ക് അംഗീകരിച്ച് പങ്കാളിയായ കല്യാൺ ജ്വല്ലേഴ്സും പദ്ധതിയുടെ വിതരണച്ചുമതല ഏറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments