Wednesday, September 2, 2026
HomeKERALAപ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലൻസ്

പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലൻസ്

ചികിൽസ നൽകുന്നതിന് കൈക്കൂലി വാങ്ങിയ  ഫിസിയോതെറാപ്പിസ്റ്റ് വിജിലൻസ് പിടിയിൽ

      ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ പരാതിക്കാരിയുടെ മാതാവിന് ഫിസിയോതെറാപ്പി ചികിൽസ നൽകുന്നതിന് 1,000/- രൂപ കൈക്കൂലി വാങ്ങിയ  ആലപ്പുഴ, നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റും, കായംകുളം, ചേരാവള്ളി  സ്വദേശിയുമായ രജനീഷ് ആർ.കെ  (വയസ്-53) യെ വിജിലൻസ് ഇന്ന് (29.07.2026) കൈയ്യോടെ പിടികൂടി.

മാവേലിക്കര സ്വദേശിനിയായ പരാതിക്കാരിയുടെ മാതാവിന് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് തുടർ ചികിൽസയുടെ ഭാഗമായി ഫിസിയോതെറാപ്പി നിർദേശിക്കുകയും, സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ ഫിസിയോതെറാപ്പി ചെയ്യുന്നതിനായി സർക്കാർ സ്ഥാപനമായ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ കഴിഞ്ഞ ജൂൺ മാസം പകുതിയോട് കൂടി ചികിൽസയ്ക്കായി പ്രവേശനം നേടിയിരുന്നു.

എന്നാൽ ഫിസിയോതെറാപ്പിസ്റ്റ് രജനീഷ് ചികിൽസ ആരംഭിച്ച ദിവസം മുതൽ കൃത്യമായി  ഫിസിയോതെറാപ്പി ചെയ്യുന്നില്ലായെന്ന് മനസിലാക്കിയതിനെ തുടർന്ന്  പരാതിക്കാരി ഇതേക്കുറിച്ച് മറ്റ് രോഗികളോട് അന്വേഷിച്ചതിൽ ചികിത്സ ഉറപ്പാക്കാൻ ഓരോ ദിവസവും 500/- രൂപ വീതം രജനീഷിന് നൽകണമെന്നും 500/- രൂപ നൽകാത്ത രോഗികൾക്ക് കൃത്യമായി ഫിസിയോതെറാപ്പി ചെയ്യില്ലായെന്നും അറിഞ്ഞു. തുടർന്ന് ഫിസിയോതെറാപ്പി ശരിയായി ലഭിക്കുന്നതിന് വീണ്ടും ഫിസിയോതെറാപ്പിസ്റ്റ് രജനീഷിനെ കണ്ടപ്പോൾ ദിവസം 500/- രൂപ വീതം നൽകണമെന്നും,  അടുത്ത ദിവസം വരുമ്പോൾ  (29.07.2026)  രണ്ട്  ദിവസത്തെ ചികിൽസയ്ക്കായുള്ള 1000/- രൂപ കൊണ്ടുവന്ന് നൽകണമെന്നും ഫിസിയോതെറാപ്പിസ്റ്റ് രജനീഷ് ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ  താല്പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം  ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (29.07.2026) 11.20 മണിയ്ക്ക് ആലപ്പുഴ, നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പി ഒ.പിയിൽ വച്ച് പരാതിക്കാരിയിൽ നിന്നും 1,000/- രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ, നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റായ രജനീഷിനെ  വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
പിടികൂടിയ സമയം പ്രതിയുടെ കൈവശം കാണപ്പെട്ട കണക്കിൽപ്പെടാത്ത 20200/- രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ  കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ  ശ്രദ്ധയിൽ  അഴിമതി സംബന്ധിച്ച  വിവരങ്ങൾ  ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ  ടോൾ  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ്  നമ്പരായ 9447789100 എന്ന  നമ്പരിലോ  അറിയിക്കണമെന്ന്  വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ്  എബ്രഹാം ഐ.പി.എസ്  അഭ്യർത്ഥിച്ചു.

#keralavigilance #trap #bribe

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments