Wednesday, September 2, 2026
HomeKERALAസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 8 ജില്ലകളിൽ റെഡ് അലർട്ട്, 2 മരണം, 3 മത്സ്യത്തൊഴിലാളികളെ കാണാതായി;...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; 8 ജില്ലകളിൽ റെഡ് അലർട്ട്, 2 മരണം, 3 മത്സ്യത്തൊഴിലാളികളെ കാണാതായി; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമാകുന്നു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിലും വ്യാപകമായ മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി മരം വീഴൽ, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ ഭീഷണി, ഗതാഗത തടസ്സം എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

അതേസമയം, കടലിലും ശക്തമായ കാറ്റും ഉയർന്ന തിരമാലയും അനുഭവപ്പെടുന്നതിനിടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവനന്തപുരം മുതലപ്പൊഴിക്ക് സമീപം ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെ തുടർന്ന് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കൊല്ലം തീരത്തും മറ്റൊരു മത്സ്യത്തൊഴിലാളിയെ കാണാതായതായി റിപ്പോർട്ടുണ്ട്. കോസ്റ്റ് ഗാർഡും നേവിയും മത്സ്യത്തൊഴിലാളികളും ചേർന്ന് വ്യാപക തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പല ജില്ലകളിലും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ പ്രധാന നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശ, നദീതീര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും നിർദേശമുണ്ട്.

അടുത്ത 24 മണിക്കൂറിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ്, എൻഡിആർഎഫ്, സിവിൽ ഡിഫൻസ്, പോലീസ് എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments