പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ
വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും.
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സമഗ്രമായ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് വിവിധ ദുരിതാശ്വാസ തീരുമാനങ്ങൾ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രഖ്യാപിച്ചത്.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്താകെ 462 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും ഇതുവരെ 26 പേർ മരിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കെന്നും മുഖ്യമന്ത്രി അറിയിച്ചു. 11 പേർക്ക് പരിക്കേൽക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുകളിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമല്ല, യഥാർഥത്തിൽ വീടുകളിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ഈ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുപുറമെ, വെള്ളം കയറിയ വീടുകളിലെ ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട രണ്ട് പേർക്ക് പ്രതിദിനം 300 രൂപ വീതം ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ പൂർണമായി വീട് നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകും. 2024-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടിട്ടും അർഹമായ സഹായം ലഭിക്കാത്തവർക്കും ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ, കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ പോലും പണയംവച്ച് പ്രവർത്തിച്ച ശേഷം മരണത്തിന് കീഴടങ്ങിയ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. രാജേഷിന്റെ വസതിയിലെത്തി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
രാജേഷിന്റെ കുടുംബത്തിന്റെ പണിതീരാതെ കിടക്കുന്ന വീട് സർക്കാർ ചെലവിൽ പൂർത്തിയാക്കി കൈമാറുമെന്നും അദ്ദേഹത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പുകൾ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.



