മലേഷ്യയിലെ ക്വാലാലമ്പൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയും വിമാനത്തിനുള്ളിൽ അക്രമാസക്തമായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച (ഓഗസ്റ്റ് 6) പുലർച്ചെ 2.40-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർഏഷ്യയുടെ OD 231 വിമാനത്തിലായിരുന്നു യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം.
പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശിയായ ജംഷീർ അത്താണിക്കൽ ആണ് അറസ്റ്റിലായത്. യാത്രയ്ക്കിടെ ഇയാൾ അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിച്ചതായും തുടർന്ന് വിമാനത്തിനുള്ളിലെ ഒരു ജനൽ പാനൽ അടിച്ച് തകർത്തതായും വിമാനത്താവള അധികൃതർ അറിയിച്ചു. ഇതിനുപുറമെ, എമർജൻസി എക്സിറ്റ് വാതിൽ തുറക്കാനും ഇയാൾ ശ്രമിച്ചതായും അധികൃതർ വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാർ ഉടൻ ഇടപെട്ട് ഇയാളെ പിന്തിരിപ്പിക്കുകയും മറ്റ് യാത്രക്കാരുടെ സഹായത്തോടെ നിയന്ത്രണവിധേയനാക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടർന്നെങ്കിലും വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാതെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.
വിമാനസുരക്ഷാ ചട്ടങ്ങൾ പ്രകാരം എമർജൻസി വാതിൽ അനാവശ്യമായി തുറക്കാൻ ശ്രമിക്കുന്നതും വിമാനത്തിനുള്ളിൽ നാശനഷ്ടം വരുത്തുന്നതും ഗുരുതര കുറ്റമായതിനാൽ ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി കൊച്ചിയിൽ ഇറങ്ങിയതിന് പിന്നാലെ സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ജംഷീറിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.ഇയാളുടെ മാനസികാവസ്ഥ, വിമാനത്തിനുള്ളിൽ അക്രമാസക്തമായി പെരുമാറാൻ ഇടയായ സാഹചര്യം, എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന്റെ കാരണം എന്നിവ ഉൾപ്പെടെ വിവിധ വശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.



