കാലടി എസ് എൻ ഡി പി ലൈബ്രറിയുടെ പ്രസിദ്ധീകരണ വിഭാഗമായ ബുധസംഗമം ബുക്സ് പുറത്തിറക്കിയ ‘ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി സ്മരണിക” ഗുരു നിത്യയുടെ അതിവിപുലമായ രചനാലോകത്തിലേക്കുള്ള ഒരു പ്രവേശികയാണ്. യതിയുടെ കൃതികളുടെ പഠനങ്ങളും, അവതാരികകളും,സ്മരണകളും ഉൾപ്പടെ നൂറ്റമ്പതോളം പ്രൗഢ ലേഖനങ്ങളും, നിത്യ സൂക്തികളും,അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുന്ന വിശിഷ്ടമായ ഒരു റഫറൻസ് ഗ്രന്ഥം തന്നെയാണ് ഈ സ്മരണിക. വായനാ ദിനത്തിൽ ചൊവ്വര ജനരഞ്ജിനി വായനശാലയുടെ പുസ്തകശേഖരത്തിലേക്ക് ആദ്യകാല അംഗം കൂടിയായ പയ്യപ്പിള്ളി ഫിലോമിന ജോസഫ് രണ്ടായിരം രൂപ വിലയുള്ള ഈ ഗ്രന്ഥം വാങ്ങി നൽകിയത് വേറിട്ടൊരു അനുഭവമായി. നിത്യചൈതന്യ യതിയുടെ ഓർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന ഈ ഗ്രന്ഥം യതിയിലേക്ക് സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക് ആഹ്ലാദം പകരും.



