ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ‘സൻസദ് ചലോ’ മാർച്ചിന് മുന്നോടിയായി ജന്തർ മന്തറിലും പാർലമെന്റ് പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി ഡൽഹി പൊലീസ്. ഞായറാഴ്ച മുതൽ തന്നെ മേഖലയിൽ അധിക പൊലീസ് സേനയെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും അനുഭാവികളും മാർച്ചിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സ്ട്രീറ്റ്, ജന്തർ മന്തർ, കർത്തവ്യ പഥ് എന്നിവിടങ്ങളിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകളുടെയും ഡ്രോൺ നിരീക്ഷണത്തിന്റെയും സഹായത്തോടെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മാർച്ചിനിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ട്രാഫിക് പൊലീസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതേസമയം, മാർച്ച് സമാധാനപരമായി സംഘടിപ്പിക്കുമെന്ന് സിജെപി നേതൃത്വം അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയായതായി ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന പ്രതിഷേധങ്ങളിലൊന്നായി ഇന്നത്തെ ‘സൻസദ് ചലോ’ മാർച്ച് മാറുമെന്നാണ് വിലയിരുത്തൽ.



