കൊലപാതകത്തിലേക്ക് നയിച്ച വ്യക്തിപരമായ കാരണമോ മറ്റേതെങ്കിലും തർക്കമോ സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.
മിൽപിറ്റാസ്: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അടുത്ത സുഹൃത്തായ മറ്റൊരു മലയാളി യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മണ്ണുത്തി സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശിനിയായ അനിലയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപാതകങ്ങളുടെ കാരണം വ്യക്തമല്ലാത്തതിനാൽ അന്വേഷണം തുടരുകയാണ്.
മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽക്രീക്ക് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് മൂവരും കുടുംബങ്ങളോടൊപ്പം താമസിച്ചിരുന്നത്. അഞ്ജനയും ആൻ മേരി മാത്യുവും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കളിൽനിന്നുള്ള വിവരം. ഇവർക്കിടയിൽ നേരത്തെ എന്തെങ്കിലും തർക്കമോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.
സംഭവത്തിന് തൊട്ടുമുമ്പും മൂവരും സൗഹൃദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓണാഘോഷത്തിൽ മൂവരും ഒരുമിച്ച് പങ്കെടുക്കുകയും തുടർന്ന് സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് യുവതികളും കൊല്ലപ്പെട്ടത്. ഇതോടെ കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം അഞ്ജനയെ അപ്പാർട്ട്മെന്റിന് പുറത്തേക്ക് വിളിച്ചുവരുത്തിയതിന് പിന്നാലെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ആൻ മേരി മാത്യുവിനെ അപ്പാർട്ട്മെന്റിനുള്ളിൽ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവങ്ങൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ഒരേ വ്യക്തിയാണ് ഇരുവർക്കുമെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
ആൻ മേരിയുടെ മൃതദേഹം കണ്ടെത്തിയത് ഭർത്താവ് വീട്ടിലെത്തിയതിന് പിന്നാലെയാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അഞ്ജനയ്ക്ക് ഗുരുതരമായ അപകടം സംഭവിച്ചെന്ന വിവരമാണ് ആദ്യം കുടുംബത്തിന് ലഭിച്ചതെന്നും പിന്നീട് മരണവിവരം അറിയുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അനിലയും കൊല്ലപ്പെട്ട യുവതികളും തമ്മിലുള്ള ബന്ധം അടുത്തതായിരുന്നുവെന്നതാണ് കേസിനെ കൂടുതൽ ദുരൂഹമാക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച വ്യക്തിപരമായ കാരണമോ മറ്റേതെങ്കിലും തർക്കമോ സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. അതിനാൽ പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾക്കപ്പുറം കൊലപാതകത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ഇപ്പോൾ നിഗമനങ്ങളിലേക്ക് കടക്കാനാകില്ല.
കാലിഫോർണിയയിലെ മലയാളി സമൂഹത്തെയും കേരളത്തിലെ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും കുടുംബങ്ങളെയും സംഭവം വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



