ദുബായ്: പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായി പ്രത്യേക പാതകൾ ഒരുക്കുന്ന പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടപ്പാക്കുന്ന പദ്ധതിയുടെ ഏകദേശം 30 ശതമാനം ജോലികൾ ഇതിനോടകം പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, സെക്കൻഡ് ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ, അൽ നഹ്ദ, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നൈഫ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടെ ആറു പ്രധാന റോഡുകളിലായി 14.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് പുതിയ പ്രത്യേക പാതകൾ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദുബായിലെ ബസ്-ടാക്സി പ്രത്യേക പാതകളുടെ ആകെ ദൈർഘ്യം നിലവിലെ 6.1 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററിലേറെയായി ഉയരും.പൊതുഗതാഗതം കൂടുതൽ ആകർഷകമാക്കുകയും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. പ്രത്യേക പാതകൾ നിലവിൽ വരുന്നതോടെ ബസുകളുടെ യാത്രാസമയം ഗണ്യമായി കുറയുകയും സമയനിഷ്ഠ മെച്ചപ്പെടുകയും ടാക്സി സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുകയും ചെയ്യും. കൂടാതെ, ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.
2025 മുതൽ 2027 വരെയുള്ള കാലയളവിലാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. പ്രത്യേക പാതകൾ പ്രവർത്തനക്ഷമമാകുന്നതോടെ പൊതുഗതാഗത ഉപയോഗത്തിൽ 10 ശതമാനം വർധനയും ബസ് സർവീസുകളുടെ സമയപാലനത്തിൽ 42 ശതമാനം മെച്ചവും യാത്രാസമയത്തിൽ 41 ശതമാനം കുറവും ഉണ്ടാകുമെന്നാണ് ആർടിഎ പ്രതീക്ഷിക്കുന്നത്.



