ദുബായ്: യുഎഇയിലെ ഗതാഗത ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്ന് രാജ്യത്തിന്റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ഇത്തിഹാദ് റെയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അബുദാബി–ഫുജൈറ റൂട്ടിൽ ആരംഭിച്ച ഈ സർവീസ് രാജ്യത്തെ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസൗകര്യത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.
ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമായ ഈ സർവീസ് 900 കിലോമീറ്ററിലധികം നീളുന്ന നെറ്റ്‌വർക്കിലൂടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ അബുദാബിയും ഫുജൈറയും തമ്മിലാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.ട്രെയിൻ സർവീസിന്റെ ആദ്യ യാത്രക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് യാത്രക്കാർ ആദ്യ ദിവസങ്ങളിൽ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ സുഖകരമായ യാത്രാനുഭവം നൽകുന്നതാണ് ഇത്തിഹാദ് റെയിൽ ലക്ഷ്യമിടുന്നത്. കംഫർട്ട്, പ്രീമിയം എന്നീ രണ്ട് ക്ലാസുകളിലായി യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 400 യാത്രക്കാരെ വരെ ഒരേസമയം വഹിക്കാൻ കഴിയുന്ന ട്രെയിനുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്.ഭാവിയിൽ ദുബായ്, ഷാർജ, മറ്റ് എമിറേറ്റുകൾ എന്നിവയും ഈ നെറ്റ്‌വർക്കിൽ ഘട്ടംഘട്ടമായി ഉൾപ്പെടുത്തും. ഇതോടെ യുഎഇയിലെ ആഭ്യന്തര യാത്രാ സമയം വലിയ തോതിൽ കുറയുകയും റോഡ് ഗതാഗത തിരക്ക് കുറയുകയും ചെയ്യും എന്നാണ് പ്രതീക്ഷ.രാജ്യത്തിന്റെ സുസ്ഥിര ഗതാഗത വികസന പദ്ധതികളിൽ ഒരു പ്രധാന മൈൽസ്റ്റോൺ ആയി ഇത്തിഹാദി റെയിൽ മാറുകയാണ് എന്നതാണ് അധികൃതരുടെ വിലയിരുത്തൽ.



