ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള ഔട്ട്‌സോഴ്‌സ് കരാർ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിൽ നിന്ന് പിൻവലിച്ചതായി റിപ്പോർട്ട്. കരാർ റദ്ദാക്കിയതോടെ യുഎഇയ്ക്കു പുറമെ കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ സേവനങ്ങൾക്കായും പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ എംബസികളുടെയും കോൺസുലേറ്റുകളുടെയും കീഴിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട്, വിസ, ഒസിഐ (OCI), അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ സ്വകാര്യ ഏജൻസികൾ വഴിയാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. യുഎഇയിൽ ഈ സേവനങ്ങൾ വർഷങ്ങളായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കൈകാര്യം ചെയ്തുവരികയായിരുന്നു.
പുതിയ കരാർ അനുവദിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. യുഎഇയ്ക്ക് പുറമേ കുവൈത്തിലും ബഹ്റൈനിലും സേവനദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളും ഒരുമിച്ച് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, നിലവിൽ സേവനം തേടുന്ന പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചന. പുതിയ സേവനദാതാവിനെ തിരഞ്ഞെടുക്കുകയും ചുമതല കൈമാറുകയും ചെയ്യുന്നതുവരെ നിലവിലുള്ള സംവിധാനത്തിലൂടെയോ ഇടക്കാല ക്രമീകരണങ്ങളിലൂടെയോ സേവനങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ടെൻഡറിലൂടെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവന സംവിധാനമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. പുതിയ ഏജൻസിയെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയായ ശേഷം സേവനങ്ങളുടെ കൈമാറ്റ തീയതിയും മറ്റ് വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കും.
കരാർ റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ ബന്ധപ്പെട്ട ഇന്ത്യൻ മിഷനുകളോ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. അതിനാൽ പുതിയ ടെൻഡർ നടപടികളുടെ പുരോഗതിയും അന്തിമ തീരുമാനവും പ്രവാസി സമൂഹം ശ്രദ്ധാപൂർവം കാത്തിരിക്കുകയാണ്.



