Tuesday, October 13, 2026
HomeKERALAപുന്നയൂർക്കുളം വി. ബാപ്പുവിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കുന്നു; ആദ്യ വോള്യത്തിന്റെ കവർ പ്രകാശനം ഒക്ടോബർ 11ന്

പുന്നയൂർക്കുളം വി. ബാപ്പുവിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കുന്നു; ആദ്യ വോള്യത്തിന്റെ കവർ പ്രകാശനം ഒക്ടോബർ 11ന്

പുന്നയൂര്‍ക്കുളം വി ബാപ്പു

തൃശൂർ: കവിയും കഥാകൃത്തും പത്രപ്രവർത്തകനും അധ്യാപകനുമായിരുന്ന പുന്നയൂർക്കുളം വി. ബാപ്പുവിന്റെ സാഹിത്യസംഭാവനകൾ സമാഹരിച്ച് സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർഥം മക്കൾ രൂപീകരിച്ച പുന്നയൂർക്കുളം വി. ബാപ്പു സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രസിദ്ധീകരണ പദ്ധതി നടപ്പാക്കുന്നത്. സമ്പൂർണ്ണകൃതികളുടെ ആദ്യ വോള്യം തൃശൂരിലെ സൺഷൈൻ ബുക്സ് പ്രസിദ്ധീകരിക്കും. എച്ച് ആൻഡ് സി സ്റ്റോഴ്സിനാണ് വിതരണച്ചുമതല.

ആദ്യ വോള്യത്തിന്റെ കവർ പ്രകാശനം 2026 ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് ആറിനും ഏഴിനുമിടയിൽ ഓൺലൈനായി നടക്കും. കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംയുക്തമായാണ് കവർ പ്രകാശനം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റിനുവേണ്ടി ബഷീർ വി. ബാപ്പു അറിയിച്ചു.

സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി പുന്നയൂർക്കുളം വി. ബാപ്പുവിന്റെ രചനകൾ പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

1913 ഫെബ്രുവരി 26ന് പുന്നയൂർക്കുളത്ത് തെക്കുട്ടയിൽ അഹമ്മദിന്റെയും വാരിയത്തേൽ തിത്തിക്കുട്ടിയുടെയും മകനായാണ് വി. ബാപ്പു ജനിച്ചത്. പുന്നയൂർക്കുളം ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ എഴുത്തിന്റെ ലോകത്തേക്ക് കടന്ന അദ്ദേഹം കേരള പത്രികയിൽ വാർത്തകളും അൽ-അമീനിൽ കവിതകളും വാർത്തകളും പ്രസിദ്ധീകരിച്ചു.

അധ്യാപക പരിശീലനം പൂർത്തിയാക്കിയശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡിൽ നിയമനം ലഭിച്ചു. വിളക്കേരി, പുന്നയൂർക്കുളം, പാലക്കാട്, വന്നേരി തുടങ്ങിയ സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപനത്തോടൊപ്പം പത്രപ്രവർത്തനത്തിലും സാഹിത്യരചനയിലും സജീവമായിരുന്നു. സഹോദരീഭർത്താവും പത്രപ്രവർത്തകനുമായ എൻ. ബാപ്പുവുമായി സഹകരിച്ച് ആദ്യം മലപ്പുറത്തുനിന്നും പിന്നീട് പാലക്കാട്ടുനിന്നും ‘മിത്രം’ മാസിക ആരംഭിച്ചു.

മലയാള സാഹിത്യത്തിലും മാപ്പിളസാഹിത്യത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വി. ബാപ്പുവിന്റെ രചനാലോകം കവിത, നാടകം, ചെറുകഥ, ലേഖനം, വിവർത്തനം, വ്യാഖ്യാനം, പഠനം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നു.

‘ജന്മദിനോത്സവം’ (1939), ‘ഘോഷയാത്ര’ (1954), ‘ശ്വസിക്കുന്ന ശവങ്ങൾ’ (1955), ‘മുത്തുമാല’ (1968) എന്നിവയാണ് പ്രധാനപ്പെട്ട പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. ‘മരണത്തിന് പിന്നിൽ’ എന്ന ചെറുകഥാസമാഹാരവും ‘ബദറുൽമുനീർ ഹുസ്നുൽ ജമാൽ’ എന്ന വ്യാഖ്യാനകൃതിയും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളിൽ ഉൾപ്പെടുന്നു.

‘യൂസുഫ് കിസ്സ’ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. മാപ്പിളപ്പാട്ട്, മാപ്പിളസാഹിത്യം, മാപ്പിളകല, മതം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കവിതകളും മാപ്പിളപ്പാട്ടുകളും അദ്ദേഹത്തിന്റെ രചനാസമ്പത്തിന്റെ ഭാഗമാണ്. ‘ചൈനയിലെ മുസ്ലിങ്ങൾ’ എന്ന പഠനകൃതിയും ‘മലേഷ്യയിലേക്ക് ഒരു യാത്ര’ എന്ന യാത്രാവിവരണവും ശ്രദ്ധേയമാണ്. ജലാലുദ്ദീൻ റൂമി, ഹാഫിസ്, ശംസി തബ്രീസ്, ഇഖ്ബാൽ, ടാഗോർ തുടങ്ങിയവരുടെ കവിതകളുടെ പരിഭാഷകളും അദ്ദേഹത്തിന്റേതായി വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വി. ബാപ്പു മലേഷ്യ സന്ദർശിക്കുകയും അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ‘ചൈനയിലെ മുസ്ലിങ്ങൾ’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തിരുന്നു. 1974 മേയ് 30ന് മലേഷ്യയിലെ ക്വാലാലംപൂരിൽ വെച്ചായിരുന്നു അന്ത്യം.

പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾക്കൊപ്പം ആനുകാലികങ്ങളിൽ ചിതറിക്കിടക്കുന്ന രചനകളും അപ്രകാശിത കൃതികളും ഒരുമിച്ച് സമാഹരിക്കുന്നതിലൂടെ മലയാള സാഹിത്യത്തിനും മാപ്പിളസാഹിത്യ പഠനങ്ങൾക്കും വിലപ്പെട്ട സംഭാവനയായി സമ്പൂർണ്ണകൃതി പ്രസിദ്ധീകരണം മാറുമെന്നാണ് പ്രതീക്ഷ. പുന്നയൂർക്കുളം വി. ബാപ്പുവിന്റെ സാഹിത്യപൈതൃകം സംരക്ഷിക്കുകയും പുതുതലമുറയിലെ വായനക്കാർക്കും ഗവേഷകർക്കും അദ്ദേഹത്തിന്റെ രചനകൾ ലഭ്യമാക്കുകയും ചെയ്യുക എന്നതും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമാണ്.

മലയാളധ്വനി അംഗവും ഖത്തറിലെ അമേരിക്കൻ എംബസിയിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് ബഷീർ ,പുന്നയൂർക്കുളം വി ബാപ്പുവിന്റെ മകനാണ് .

Malayaladhwani.com
The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments