ഖത്തറി എഴുത്തുകാരിയും നോവലിസ്റ്റുമായ ഡോ. ഹുദ അൽ നഈമി പ്രകാശനകർമം നിർവഹിച്ചു; മലയാള പരിഭാഷ ഷിജു സുകുമാരന്റേത്
ദോഹ, ഒക്ടോബർ 9: ഖത്തറിലെ പ്രമുഖ വ്യവസായിയും ബിർള പബ്ലിക് സ്‌കൂൾ ഡയറക്ടറുമായ സി.വി. റപ്പായിയുടെ ഇംഗ്ലീഷ് ആത്മകഥയായ A Tale of Two Journeys എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘സിദ്രയുടെ തണലിൽ’ ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത ഖത്തറി എഴുത്തുകാരിയും വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിത്വവുമായ ഡോ. ഹുദ അൽ നഈമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷിജു സുകുമാരനാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത്.
ആത്മകഥാകൃത്ത് സി.വി. റപ്പായി, പുസ്തകത്തിന്റെ എഡിറ്റർ ഹുസൈൻ അഹമ്മദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തറിലെ കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ, എഴുത്തുകാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും ഓർമകളും പ്രതീക്ഷകളും പോരാട്ടങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് ‘സിദ്രയുടെ തണലിൽ’. കേരളത്തിൽനിന്ന് ഗൾഫിലേക്ക് ചേക്കേറിയ ഒരു വ്യക്തിയുടെ ജീവിതയാത്രയിലൂടെ നാട്ടിലെ ജീവിതാനുഭവങ്ങളും,

പ്രവാസലോകത്തെ അനുഭവങ്ങളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും നേട്ടങ്ങളും വെല്ലുവിളികളും പുസ്തകം വായനക്കാർക്ക് മുന്നിലെത്തിക്കുന്നു.
വ്യക്തിജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം ഖത്തറിലെ ജീവിതസാഹചര്യങ്ങളും പ്രവാസലോകത്തെ സാമൂഹികവും മാനുഷികവുമായ ബന്ധങ്ങളും കൃതിയിൽ പ്രതിഫലിക്കുന്നു. ദീർഘകാലത്തെ പ്രവാസജീവിതത്തിലൂടെ നേടിയ അനുഭവങ്ങളും തിരിച്ചറിവുകളും പുതിയ തലമുറയ്ക്കും പ്രവാസികൾക്കും പ്രചോദനമാകുന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.

സി.വി. റപ്പായി നോർക്ക ഡയറക്ടർ,ഖത്തര്‍ ബിർള പബ്ലിക് സ്കൂൾ ഡയറക്ടർ, ജംബോ ഇലക്ട്രോണിക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ& മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു. അദ്ദേഹത്തിന്റെ പ്രചോദനാല്‍മകമായ ജീവിതാനുഭവങ്ങൾ മലയാളത്തിലൂടെ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ‘സിദ്രയുടെ തണലിൽ’ പ്രധാന പങ്കുവഹിക്കുന്നു.
മലയാള പരിഭാഷയുടെ പ്രകാശനത്തോടെ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് മലയാളി വായനക്കാർക്കിടയിലും പുതിയ വായനാവാതിലുകൾ തുറക്കുകയാണ്.ജന്മനാട്ടിലെ ജീവിതത്തെയും ഖത്തറിലെപ്രവാസ ജീവിതത്തെയും രണ്ട് യാത്രകളായി ആത്മകഥയിലുടെ ശ്രീ റപ്പായ് അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും ഓർമകളും രേഖപ്പെടുത്തുന്ന എല്ലാവരും വായിച്ചിരിക്കേണ്ട ഈ കൃതി ഖത്തറിലെയും കേരളത്തിലെയും മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ.
Malayaladhwani.com
The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


