Sunday, November 29, 2026
HomeQatarകൊച്ചിയിൽ വാരിയേഴ്‌സിന് നിർണായക പോരാട്ടം; സ്വന്തം തട്ടകത്തിൽ കണ്ണൂരിനെ നേരിടാൻ ഫോഴ്‌സ കൊച്ചി

കൊച്ചിയിൽ വാരിയേഴ്‌സിന് നിർണായക പോരാട്ടം; സ്വന്തം തട്ടകത്തിൽ കണ്ണൂരിനെ നേരിടാൻ ഫോഴ്‌സ കൊച്ചി

നാളെ കൊച്ചിയിൽ തീപാറും പോരാട്ടം! സ്വന്തം തട്ടകത്തിൽ ഫോഴ്‌സ കൊച്ചിയെ നേരിടാൻ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ്. രാത്രി 7.30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശപ്പോരാട്ടം

കൊച്ചി: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ ആവേശകരമായ മറ്റൊരു പോരാട്ടത്തിന് വെള്ളിയാഴ്ച കൊച്ചി വേദിയാകും. സ്വന്തം ആരാധകർക്ക് മുന്നിൽ ഫോഴ്‌സ കൊച്ചി എഫ്.സി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ നേരിടും. രാത്രി 7.30ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. നവംബർ 13ന് നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 3-2ന് പരാജയപ്പെടുത്തിയ ഫോഴ്‌സ കൊച്ചി മികച്ച ഫോമിലാണ്. എന്നാൽ നവംബർ 15ന് കാലിക്കറ്റ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് 5-0ന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിന് ഈ മത്സരം തിരിച്ചുവരവിനുള്ള അവസരമാണ്. അതേസമയം സ്വന്തം മൈതാനത്ത് വിജയം നേടാനാകും ഫോഴ്‌സ കൊച്ചിയുടെ ശ്രമം.ആരാധകരുടെ വലിയ പിന്തുണയും ആവേശവും പ്രതീക്ഷിക്കുന്ന മത്സരത്തിൽ ഇരു ടീമുകളുടെയും പോരാട്ടവീര്യം നിർണായകമാകും.

ഡോ ഹസ്സൻകുഞ്ഞി,ചെയർമാൻ
കണ്ണൂർ വാരിയേഴ്‌സ് എഫ് സി

“സൂപ്പർ ലീഗ് കേരളയിൽ നാളെ ഫോഴ്‌സ കൊച്ചിക്കെതിരെ നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് മികച്ച പോരാട്ടവീര്യത്തോടെയും ആത്മവിശ്വാസത്തോടെയും കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ തിരിച്ചടികൾ മറന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള അവസരമായി ഈ മത്സരത്തെ കാണുന്നു. ടീമിലെ ഓരോ താരത്തിന്റെയും കഴിവിലും അർപ്പണബോധത്തിലും എനിക്ക് പൂർണ വിശ്വാസമുണ്ട്. വിജയത്തിനായി ഒറ്റക്കെട്ടായി പോരാടാൻ താരങ്ങൾക്ക് കഴിയട്ടെ. ടീമിന് എന്നും പിന്തുണയും പ്രോത്സാഹനവും നൽകുന്ന ആരാധകരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളുടെ കരുത്ത്. നാളെ കൊച്ചിയിൽ വാരിയേഴ്‌സ് വിജയക്കൊടി പാറിക്കട്ടെ.” ഖത്തറിലെ വ്യവസായ പ്രമുഖനും കണ്ണൂർ വാരിയേഴ്‌സ് എഫ് സി ചെയർമാനുമായ ഡോ ഹസ്സൻകുഞ്ഞി മലയാളധ്വനിയോട് തന്റെ ആവേശവും ആത്മവിശ്വാസവും വ്യക്തമാക്കി.

മിബു ജോസ് നെറ്റിക്കാടൻ,കണ്ണൂർ വാരിയേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടർ

“ഫോഴ്‌സ കൊച്ചിക്കെതിരായ നാളത്തെ മത്സരം കണ്ണൂർ വാരിയേഴ്‌സിന് ഏറെ പ്രധാനപ്പെട്ടതാണ്. വിജയത്തിനായുള്ള ശക്തമായ പോരാട്ടമാണ് ടീം കാഴ്ചവെക്കേണ്ടത്. കഴിഞ്ഞ മത്സരങ്ങളിലെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മികവോടെ തിരിച്ചുവരാൻ താരങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. “ടീമിന്റെ കഴിവിലും പരിശീലക സംഘത്തിന്റെ പ്രവർത്തനങ്ങളിലും പൂർണ വിശ്വാസമുണ്ട്. വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നേറട്ടെ. വാരിയേഴ്‌സിന് എല്ലാവിധ ആശംസകളും.”ഖത്തറിലെ വ്യവസായ പ്രമുഖനും കണ്ണൂർ വാരിയേഴ്‌സ് എഫ് സി ഡയറക്ടറുമായ മിബു ജോസ് മലയാളധ്വനിയോട് ആത്മവിശ്വാസം പങ്കുവെച്ചു .

കെ എം വർഗീസ്, ഡയറക്ടര്‍ കണ്ണൂർ വാരിയേഴ്‌സ് എഫ് സി

“കണ്ണൂർ വാരിയേഴ്‌സ് എന്നത് ഒരു ഫുട്ബോൾ ടീം മാത്രമല്ല, കണ്ണൂരിന്റെ കായിക ആവേശത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്. ടീമിന് നൽകുന്ന ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ മത്സരങ്ങളിലുടനീളം തങ്ങളുടെ പ്രധാനപ്പെട്ട മൂന്നോളം താരങ്ങള്‍ക്ക് പരിക്കുകള്‍മൂലം കളത്തില്‍ ഇറങ്ങാന്‍ കഴിയാതെ പോയത് വലിയ പോരായ്മയായിരുന്നു.അത് വിജയത്തെ വല്ലാതെ ബാധിച്ചു.കൊച്ചിയിൽ ഫോഴ്‌സയ്ക്കെതിരായ മത്സരത്തിൽ ആത്മവിശ്വാസത്തോടെയും പോരാട്ടവീര്യത്തോടെയും വാരിയേഴ്‌സ് കളത്തിലിറങ്ങട്ടെ. വിജയത്തിനായി ടീമിനൊപ്പം നമുക്കും ഒരുമിച്ച് നിൽക്കാം. എല്ലാ ആരാധകർക്കും നന്ദി“ഖത്തറിലെ വ്യവസായ പ്രമുഖനും കണ്ണൂർ വാരിയേഴ്‌സ് എഫ് സി ഡയറക്ടറുമായ കെ എം വർഗീസ് മലയാളധ്വനിയോട് പങ്കുവെച്ചു .

EP അബ്ദുറഹിമാൻ
കണ്ണൂർ വാരിയേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് ഡയറക്ടർ

“കായികരംഗത്ത് ജയവും തോൽവിയും ഒരുപോലെ സ്വീകരിച്ച് മുന്നോട്ടുപോകുന്നതാണ് യഥാർത്ഥ പോരാട്ടവീര്യം. കഴിഞ്ഞ മത്സരത്തിലെ നിരാശ മറന്ന് പുതിയ പ്രതീക്ഷകളോടെയാണ് കണ്ണൂർ വാരിയേഴ്‌സ് കൊച്ചിയിൽ ഇറങ്ങുന്നത്. ഓരോ മത്സരവും പുതിയൊരു അവസരമാണ്. താരങ്ങളുടെ കഠിനാധ്വാനവും കൂട്ടായ പരിശ്രമവും നാളത്തെ മത്സരത്തിൽ മികച്ച ഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വാരിയേഴ്‌സിന്റെ വിജയയാത്രയ്ക്ക് എല്ലാ പിന്തുണയും ആശംസകളും നേരുന്നു“ഖത്തറിലെ വ്യവസായ പ്രമുഖനും കണ്ണൂർ വാരിയേഴ്‌സ് എഫ് സി ഡയറക്ടറും ISC പ്രസിഡന്റുമായ EP അബ്ദുറഹിമാൻ  മലയാളധ്വനിയോട് പറഞ്ഞു .

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments