Sunday, November 29, 2026
HomeUncategorizedമെസി കേരളത്തിലെത്തുന്ന വിവാദം: ഷറഫലിയുടെ അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയതായി എസ്ഐടി

മെസി കേരളത്തിലെത്തുന്ന വിവാദം: ഷറഫലിയുടെ അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയതായി എസ്ഐടി

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശന കരാറിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷറഫലി മാനേജിങ് ഡയറക്ടറായ അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയതായി എസ്ഐടി കണ്ടെത്തി

തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക സാമ്പത്തിക ഇടപാട് കണ്ടെത്തിയതായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി മാനേജിങ് ഡയറക്ടറായുള്ള നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്ക് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) രണ്ട് കോടി രൂപ കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശേഖരിച്ച രേഖകളിലാണ് പണമിടപാടിന്റെ വിവരങ്ങളുള്ളത്. മലപ്പുറം അരീക്കോട് പ്രവർത്തിക്കുന്ന അക്കാദമിക്ക് പണം ലഭിച്ചതായാണ് റിപ്പോർട്ട്.

കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ആർബിസിക്ക് കൈമാറിയ അതേ ദിവസമാണ് അക്കാദമിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

സ്റ്റേഡിയം കൈമാറുന്നതുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സാമ്പത്തിക ഇളവ് അനുവദിച്ചതിലും അന്വേഷണസംഘം ക്രമക്കേട് സംശയിക്കുന്നു.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, യു. ഷറഫലി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും ഉടമ ആന്റോ അഗസ്റ്റിനും ഉൾപ്പെടെ അഞ്ചുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അനുബന്ധ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം.

അതേസമയം, രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണിതെന്നും അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധമില്ലെന്നും ഷറഫലി പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments