ജുവനൈൽ ജസ്റ്റിസ് ആക്ട് 2015 ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ അമിത് ഷായ്ക്കും അന്നപൂർണ ദേവിക്കും കത്തയച്ച് രമേശ് ചെന്നിത്തല. ഗുരുതര കുറ്റകൃത്യങ്ങളിലെ പ്രായപരിധി 16 ആക്കുന്നതും പരിഗണനയിൽ.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന ഗുരുതര കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി അന്നപൂർണ ദേവിക്കും പ്രത്യേക കത്തുകളാണ് അയച്ചത്.
ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015-ൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗൗരവത്തിലും കഴിഞ്ഞ വർഷങ്ങളിൽ വർധനയുണ്ടായതായി ചെന്നിത്തല ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് നിലവിലെ നിയമം പ്രാധാന്യം നൽകുന്നത്. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ ദുരിതങ്ങളും ആശങ്കകളും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നാണ് മന്ത്രിയുടെ നിലപാട്. പ്രായപൂർത്തിയാകാത്ത പ്രതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ ഇരകൾക്കും നീതി ഉറപ്പാക്കുന്ന തരത്തിൽ നിയമത്തിൽ സന്തുലിതമായ മാറ്റങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ നിയമത്തിലെ പ്രായപരിധി ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കാര്യത്തിൽ പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
ഡിജിറ്റൽ മാധ്യമങ്ങളുടെ അതിവേഗ വ്യാപനവും കൗമാരക്കാർക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗവും ഉൾപ്പെടെയുള്ള സാമൂഹിക മാറ്റങ്ങൾ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെയും വ്യാപ്തിയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് കേരളത്തിൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ കൊലപാതകങ്ങളും വാഹനാപകടങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന് കത്തയച്ചത്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


