അയ്യന്തോൾ പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ അതിവേഗ കോടതി ഒരു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ അതിവേഗ പ്രത്യേക കോടതിയാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.
2022 ജൂലൈ നാലിന് അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിലാണ് നടപടി.
ഐപിസി 509-ാം വകുപ്പ്, പോക്സോ നിയമത്തിലെ 11(i) വകുപ്പ് എന്നിവ പ്രകാരമാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴ അടച്ചില്ലെങ്കിൽ അധികമായി ഒരു മാസം കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.
വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതിഭാഗം സന്നദ്ധത അറിയിച്ചതിനെ തുടർന്ന് ശിക്ഷ ഒരു മാസത്തേക്ക് കോടതി മരവിപ്പിച്ചു. 50,000 രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഡിസംബർ 23ന് കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21 സാക്ഷികളെയാണ് വിസ്തരിച്ചത്.
Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും


