Sunday, November 29, 2026
HomeKERALAവ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ കേരളത്തിൽ കടുത്ത നടപടി; രണ്ട് പേർക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നാലെ പരിശോധന...

വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ കേരളത്തിൽ കടുത്ത നടപടി; രണ്ട് പേർക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നാലെ പരിശോധന ശക്തമാക്കുന്നു

വ്യാജ ഫെയർനെസ് ക്രീമുകളുടെ ഉപയോഗത്തെ തുടർന്ന് രണ്ടുപേർക്ക് വൃക്കരോഗം ബാധിച്ചതിന് പിന്നാലെ കേരളത്തിൽ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയും കർശന നടപടികളും.

സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. പണം വാങ്ങി അപകടകരമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ സംസ്ഥാനവ്യാപക പരിശോധനയും നടപടികളും പ്രഖ്യാപിച്ച് കേരള സർക്കാർ. ചർമ്മം വെളുപ്പിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തുന്ന ചില ഫെയർനെസ് ക്രീമുകളുടെ ഉപയോഗത്തെ തുടർന്ന് രണ്ടുപേർക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ഓൺലൈൻ വിപണനത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വിൽക്കുന്ന അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, പ്രോട്ടീൻ പൗഡറുകൾ, മറ്റ് ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ 17 വയസ്സുകാരിക്കും ഗായകൻ സലീം കോടത്തൂരിനുമാണ് ഫെയർനെസ് ക്രീമുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മെംബ്രനസ് നെഫ്രോപതി (Membranous Nephropathy) എന്ന വൃക്കരോഗം ബാധിച്ചതായി റിപ്പോർട്ടുകളുള്ളത്. കൗമാരക്കാരിയുടെ ശരീരത്തിൽ അപകടകരമായ അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉപയോഗിച്ച ക്രീമിൽ അനുവദനീയമായതിനെക്കാൾ വളരെ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരുന്നതായും പരിശോധനയിൽ വ്യക്തമായി.

ചില ഉൽപ്പന്നങ്ങൾ പാകിസ്ഥാനിൽ നിന്നും മംഗളൂരു–കാസർകോട് മേഖലയിൽ നിന്നും എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. നിർമ്മാതാവിന്റെ പേര്, ഉൽപ്പാദന തീയതി, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്താത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വ്യാജ സൗന്ദര്യവർധക വസ്തുക്കളും ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങളോടെ വിപണിയിലെത്തിക്കുന്ന മരുന്നുകളും പരിശോധിക്കും.

സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാരെയും നിരീക്ഷിക്കും. പണം വാങ്ങി അപകടകരമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വൃക്കകൾ, കരൾ, നാഡീവ്യൂഹം എന്നിവയെ ഗുരുതരമായി ബാധിക്കാനും ചില ഉൽപ്പന്നങ്ങൾ ചർമ്മാർബുദത്തിന് വരെ കാരണമാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആകർഷകമായ പരസ്യങ്ങളിലും പെട്ടെന്ന് സൗന്ദര്യം വർധിപ്പിക്കുമെന്ന വാഗ്ദാനങ്ങളിലും വീഴാതെ ഉൽപ്പന്നങ്ങളുടെ അംഗീകാരം, നിർമ്മാതാവിന്റെ വിവരങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പാക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Malayaladhwani.com | The Global Voice of Kerala
മലയാളത്തിന്റെ ശബ്ദം ലോകമെങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments