ദോഹ: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ മാറ്റങ്ങൾ വരുത്തി ഖത്തർ എയർവേയ്സ്. റിയാദ്, ദമ്മാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച നടപടി ഒക്ടോബർ 24 വരെ നീട്ടിയതായി വിമാനക്കമ്പനി അറിയിച്ചു. ജിദ്ദയിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
വിമാനക്കമ്പനിയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ജിദ്ദയിലേക്കുള്ള പ്രതിദിന സർവീസുകൾ ഏഴിൽനിന്ന് നാലായി കുറച്ചതായും ഖത്തർ എയർവേയ്സ് വ്യക്തമാക്കി.
നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ, നിശ്ചയിച്ച യാത്രാസമയത്തിന് 48 മണിക്കൂറിനുള്ളിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനസമയക്രമത്തിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
വിമാന സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ബുക്കിങ് സംബന്ധമായ അറിയിപ്പുകളും ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ അറിയാം. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടാനും സൗകര്യമുണ്ട്. QNA


