എഥനോൾ (E20) കലർന്ന പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് കാറിന്റെ എൻജിന് ഗുരുതര തകരാർ സംഭവിച്ചതായി പരാതിപ്പെട്ട വാഹന ഉടമയ്ക്ക് അനുകൂലമായി ചരിത്രപരമായ വിധിയുമായി ഉപഭോക്തൃ കോടതി. ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയോടും ഡീലറോടും വാഹനം മാറ്റിനൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാൻ ഉത്തരവിട്ടത്.
ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് എസ്‌യുവിയുടെ ഉടമയായ പരാതിക്കാരൻ, E20 പെട്രോൾ ഉപയോഗിച്ചശേഷം എൻജിനിൽ ആവർത്തിച്ച് തകരാറുകൾ ഉണ്ടായെന്നാണ് പരാതിപ്പെട്ടത്. വാഹനം E20 ഇന്ധനത്തിന് അനുയോജ്യമല്ലായിരുന്നിട്ടും അത്തരമൊരു വാഹനം വിൽപ്പന നടത്തിയതിലൂടെ സേവനത്തിലെ വീഴ്ചയും ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലും ഉണ്ടായെന്ന് കമ്മിഷൻ വിലയിരുത്തി.
കോടതി ഉത്തരവ് പ്രകാരം, കമ്പനിക്ക് E20-യ്ക്ക് അനുയോജ്യമായ പുതിയ വാഹനം ഉടമയ്ക്ക് നൽകുകയോ, അല്ലെങ്കിൽ വാഹനത്തിന്റെ വിലയും മറ്റ് നഷ്ടപരിഹാരവും ഉൾപ്പെടുന്ന തുക നൽകുകയോ വേണം. ഇന്ത്യയിൽ E20 ഇന്ധനവുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതിയിൽ വാഹന നിർമാതാവിനെതിരെ വന്ന ആദ്യ സുപ്രധാന വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വാഹനം E20 ഇന്ധനത്തിന് അനുയോജ്യമായിരുന്നുവെന്നും തകരാറിന് കാരണം ഇന്ധനമല്ലെന്നും ചൂണ്ടിക്കാട്ടി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാരുതി സുസുക്കി അറിയിച്ചു.



