കേന്ദ്ര നിർദേശത്തോട് കോൺഗ്രസ് വിയോജിപ്പ്;നിലപാട് ആവർത്തിച്ച് കോൺഗ്രസ്സ്
പാർട്ടി പരിപാടികളിൽ 1937ലെ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനപ്രകാരം ആദ്യ രണ്ട് ചരണങ്ങൾ മാത്രം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ വന്ദേമാതരം ആലപിക്കാതിരുന്നതിനെതിരെ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന്. വെള്ളിയാഴ്ച (ഓഗസ്റ്റ് 21) എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വന്ദേമാതരം ആലപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള നടപടിയാണെന്ന് ബിജെപി ആരോപിച്ചു. ദേശീയഗീതമായ വന്ദേമാതരത്തെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്ന് ഒഴിവാക്കിയത് രാജ്യത്തിന്റെ ദേശീയ വികാരങ്ങളോടുള്ള അവഗണനയാണെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.
ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പതാക ഉയർത്തുകയും വിവിധ സേനാ വിഭാഗങ്ങളുടെയും വിദ്യാർഥികളുടെയും പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല.
സംസ്ഥാനത്തെ സ്കൂളുകളിലും വന്ദേമാതരം ആലപിക്കണമെന്ന് നിർദേശം നൽകിയിരുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതും ബിജെപി പ്രതിഷേധത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വന്ദേമാതരം സംബന്ധിച്ച വിവാദം ദേശീയതലത്തിലും ശക്തമായ രാഷ്ട്രീയ പോരായി മാറിയിരിക്കുകയാണ്. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് കോൺഗ്രസ് വിയോജിപ്പ് പ്രകടിപ്പിക്കുകയും പാർട്ടി പരിപാടികളിൽ 1937ലെ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനപ്രകാരം ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു.
ഈ നിലപാടിനെതിരെ ബിജെപി ദേശീയ നേതൃത്വവും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. വന്ദേമാതരം വിഷയത്തിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.
കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന പ്രതിഷേധത്തിലൂടെ വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചയാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ജില്ലാ ആസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ ബിജെപി നേതാക്കളും പ്രവർത്തകരും
പങ്കെടുക്കും



